കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനു സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷന് ഡെപ്യൂട്ടി കളകടര്‍ എം. ഉഷാകുമാരി, എഡിഎം എം. ബിജുകുമാര്‍, ബത്തേരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ. മണികണ്ഠന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലായി 14,71,742 പേര്‍ക്കാണ് വോട്ടവകാശം. 2004 സര്‍വീസ് വോട്ടര്‍മാരാണ് മണ്ഡലത്തില്‍. ഭിന്നശേഷിക്കാരും 85 വയസിന് മുകളില്‍ പ്രായമുള്ളവരും ഉള്‍പ്പെടെ 7,519 പേര് വീടുകളില്‍നിന്നു വോട്ട് ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് അഞ്ചിന് നടത്തും.
*നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍.*
(മണ്ഡലം, പുരുഷന്മാര്, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍).
മാനന്തവാടി-1,00,100, 1,02,830, 2,02,930. സുല്‍ത്താന്‍ബത്തേരി-1,10,723, 1,16,765, 2,27,489.
കല്‍പ്പറ്റ-1,02,573, 1,08,183, 2,10,760. തിരുവമ്പാടി-91,434, 93,371, 1,84,808.
ഏറനാട്-93,880, 91,106, 1,84,986. നിലമ്പൂര്‍-1,10,826, 1,15,709, 2,26,541. വണ്ടൂര്‍-1,15,508, 1,18,720, 2,34,228.
*1,354 പോളിംഗ് സ്റ്റേഷനുകള്‍*
മണ്ഡലത്തില്‍ 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1,354 പോളിംഗ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമാക്കുന്നത്. മാനന്തവാടി-173, സുല്‍ത്താന്‍ബത്തേരി-218, കല്‍പ്പറ്റ-187, തിരുവമ്പാടി-181, ഏറനാട്-174, നിലമ്പൂര്‍-209, വണ്ടൂര്‍-212 എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാപട്ടികയില്‍. 11 ബൂത്തുകള്‍ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെ സൗകര്യം ഏര്‍പ്പെടുത്തും.
വോട്ടിംഗ് സാമഗ്രികളുടെ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ്, കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍പി സ്കൂള്‍, മഞ്ചേരി ചുളളക്കാട് ജിയുപി സ്കൂള്‍, മൈലാടി അമല്‍ കോളജ് എന്നിവിടങ്ങളിലാണ് വോട്ടിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.
മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരിയിലേത് കല്‍പ്പറ്റ എസ്ഡിഎംഎല്‍പി സ്കൂളിലും, കല്‍പ്പറ്റയിലേത് എസ്കെഎംജെ സ്കൂളിലും തിരുവമ്പാടിയിലേത് കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലേത് അമല്‍ കോളജ്-മൈലാടി സ്കില്‍ ഡെവലപ്മെന്റ് ബില്‍ഡിംഗിലും എണ്ണും. തപാല്‍ വോട്ടുകള്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂളിലെ താത്കാലിക കെട്ടിടത്തിലാണ് എണ്ണുക.
*ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍*
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്ത് 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്കൂളിലും പ്രത്യേകം പോളിംഗ് ബൂത്ത് സജ്ജമാക്കും.
*അതീവ സുരക്ഷാസന്നാഹം*
ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അന്തര്‍സംസ്ഥാന സേനയും അന്തര്‍ജില്ലാ സേനയും ജില്ലയിലെത്തും. എന്‍സിസി, എസ്പിസി തുടങ്ങി 2.700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും.
*വോട്ടുചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍*
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍ വകുപ്പ് നല്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആര് സ്മാര്‍ട്ട് കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്ഷന് കാര്‍ഡ്, എം.പി/എം.എല്‍.എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍/ പി.എസ്.യു, പൊതുമേഖല സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
