മാനന്തവാടി : മുണ്ടക്കൈ -ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തൽ, സ്കോളർഷിപ്പുകൾ, ലഹരി ഉപയോഗം തടയാനുള്ള നടപടികൾ തുടങ്ങിയ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി കാര്യങ്ങൾ ബാലപാർലിമെന്റിൽ കുട്ടി നേതാക്കൾ ചർച്ച ചെയ്തു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളെ ഉൾപ്പെടുത്തിയാണ് ജില്ലാ ബാലപാർലമെന്റ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. ‘നേതൃത്വം എന്താണെന്നും സ്വന്തം മനസ്സിനെ നിയന്ത്രിക്കാനുള്ള നേതൃത്വം ആണ് എല്ലാവരും ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത് ‘എന്നും കുട്ടിനേതാക്കൾക്ക് അദ്ദേഹം ഉപദേശം നൽകി.’എന്താണ് രാഷ്ട്രീയം എന്ന് മനസ്സിലാക്കാനും രാഷ്ട്രബോധം വളർത്താനും ഇത്തരം പരിപാടികൾ സഹായിക്കുമെന്ന്’ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അഭിപ്രായപ്പെട്ടു. പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മാലിന്യ നിയന്ത്രണം, കർഷകരുടെ ഉന്നമനം, സാമൂഹ്യനീതി അധിഷ്ഠിതമായ സുരക്ഷ തൊഴിൽ മേഖലയിൽ കൊണ്ടുവരുക, പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കൽ,പരിസ്ഥിതി സംരക്ഷണം, ക്രമസമാധാനം നിലനിർത്തൽ തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന നിരവധി ചോദ്യങ്ങളെയും പ്രമേയങ്ങളെയും അനുകൂലിച്ചും എതിർപ്പുകൾ പ്രകടിപ്പിച്ചും ചർച്ചകളിലൂടെയും ശബ്ദ വോട്ടോടെ നന്ദി പ്രമേയം പാസ്സാക്കി. മുണ്ടക്കൈ -ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ സ്റ്റേറ്റ് ആർ പി പവിത്രൻ മാഷ് കുട്ടികൾക്ക് പരിശീലനം നൽകി . ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ അമീൻ കെ,മാനന്തവാടി സിഡിഎസ് ചെയർപേഴ്സൺ വത്സ മാർട്ടിൻ,ജില്ലാ പ്രോഗ്രാം മാനേജർ ബിജോയ് കെ ജെ,ബ്ലോക്ക് കോർഡിനേറ്റർ അനുശ്രീ വി കെ എന്നിവർ സംസാരിച്ചു.
