കൽപറ്റ : മുണ്ടക്കൈ ദുരിതബാധിതരോടു കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവരോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ. അവർക്ക് നീതി ലഭിക്കും വരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റയിൽ പി കെ ഗോപാലൻ അനുസ്മരണവും ജില്ലാ ജനറൽബോഡി യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവും ഉപജീവനമാർഗങ്ങളും എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതരുടെ പുനരധിവാസത്തിൽ അനങ്ങാപ്പാറ നയമാണു സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി ഇവിടെ വന്ന് നേരിട്ട് ദുരിതങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടും കൃത്യമായ കണക്ക് കൊടുത്തില്ല എന്ന കാരണം പറഞ്ഞു കേന്ദ്ര സർക്കാരും വയനാടിനെ വഞ്ചിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനുവരി 13 ന് വയനാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് പി പി ആലി അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, ടി എ റെജി, മനോജ് എടാനി, സി പി വർഗീസ്,സി ജയപ്രസാദ്,ഉമ്മർകുണ്ടാട്ടിൽ, അരുൺ ദേവ്, രാധ രാമസ്വാമി, പി എൻ ശിവൻ, കെ കെ രാജേന്ദ്രൻ, കെഎം ഷിനോജ്, ഒ ഭാസ്കരൻ, ഗിരീഷ് കൽപറ്റ, നജീബ് പിണങ്ങോട്, മോഹൻദാസ് കോട്ടക്കൊല്ലി, താരിഖ് കടവൻ, കെ.യു മാനു , കെ എം വർഗീസ്, ടിജി ചെറു തോട്ടിൽ, ഉഷാകുമാരി,കെ അജിത, ജയ മുരളി തുടങ്ങിയവർ സംസാരിച്ചു
