ആദിവാസിയെ റോഡില്‍ വലിച്ചിഴച്ചവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കണം: ഗോത്രമഹാസഭ

കല്‍പ്പറ്റ: പയ്യമ്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ കൂടല്‍ക്കടവിനു സമീപം റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍, സംസ്ഥാന സമിതി അംഗങ്ങളായ രമേശന്‍ കൊയാലിപ്പുര, ഗോപാലന്‍ മരിയനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാതനെ റോഡില്‍ വലിച്ചിഴച്ചവര്‍ക്കെതിരേ കൃത്യത്തിന്റെ കാഠിന്യം അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പഴുതു നല്‍കുന്ന വിധത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്. ഭാരതീയ ന്യായ സംഹിതയിലെ 296(ബി), 351(2), 126(2), 115(2), 110, 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ പ്രധാനം ബോധപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനുള്ള 110-ാം വകുപ്പ് മാത്രമാണ്. ഇതിനു പകരം വധശ്രമത്തിനുള്ള 109-ാം വകുപ്പുപ്രകാരം കേസെടുക്കണം. ഒരാളെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വാതിലില്‍ കൈകുരുക്കി അര കിലോമീറ്ററോളം വലിച്ചിഴച്ചത് വധശ്രമം തന്നെയാണ്. കേസില്‍ കുറ്റപത്ര സമര്‍പ്പണവും വിചാരണയും സമയബന്ധിതമായി നടത്തണം. പ്രതികളുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കണം. ചെമ്മാട്, ചാലിഗദ്ദ പ്രദേശങ്ങളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ബാധകമാക്കണം. പ്രദേശത്തെ തടയണ പൊളിച്ചുനീക്കണം.

എടവക പഞ്ചായത്തിലെ പള്ളിക്കല്‍ വീട്ടിച്ചാല്‍ ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ നിര്‍ത്തണം.
ആംബുലന്‍സ് ലഭ്യമാക്കാത്തതിന്റെ പേരില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടത് നീതിനിഷേധമാണ്. എല്ലാ കുറ്റങ്ങളും പ്രമോട്ടറുടെ തലയില്‍ കെട്ടിവച്ചത് ആദിവാസി വിഭാഗങ്ങളെ ഇപ്പോഴും മനുഷ്യരായി കാണാത്തതിനു മറ്റൊരു ഉദാഹരണമാണ്. ഭരണപരമായ ഉത്തരവാദിത്തം പട്ടികവര്‍ഗ ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്. പ്രമോട്ടറെ തിരിച്ചെടുക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണം. ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയതില്‍ ഗൂഢാലോചന പ്രകടമാണ്. ഇതില്‍ പങ്കാളികളായവരെ തുറന്നുകാട്ടണം. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്നും ഗോത്രമഹാസഭാ നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *