കൽപ്പറ്റ: ചുരൽമല പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി. സിദ്ധിഖ് കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകി. ചൂരൽമല ടൗണിൽ ഉണ്ടായിരുന്ന പാലം 2024 ജൂലൈ 30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചു പോവുകയും, മുണ്ടക്കൈ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതി വന്നിരിക്കുകയുമാണ്. മേപ്പാടി-ചൂരൽമല റോഡ് അവസാനിക്കുന്നത് ഈ പാലത്തിന്റെ തുടക്കമായിട്ടുള്ള ചൂരൽമല ടൗൺ ഭാഗത്തും, പാലത്തിന്റെ മറുഭാഗം ചൂരൽമല അരണപ്പുഴ റോഡിന്റെ ഭാഗമാണ് വരുന്നത്. ഉരുൾപൊട്ടലിൽ ഹെക്ടർ കണക്കിന് ഭൂമി ഒലിച്ചു പോയെങ്കിലും എസ്റ്റേറ്റും, കൃഷി ഭൂമികളും അവിടെ തന്നെ നിലനിൽക്കുന്നുണ്ട്. അവിടങ്ങളിലുള്ള കൃഷി വിളവെടുക്കുന്നതിനൊക്കെ ഈ ഒരു പാലം അത്യാവശ്യമാണ്. ബെയിലി പാലം നിലവിലുണ്ടെങ്കിലും ഒരു ശാശ്വത പരിഹാരമല്ല. ഈ ഒരു കാര്യം കൊണ്ട് തന്നെ ഈ പാലം മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തിയിലോ, ചൂരൽമല-അരണപ്പുഴ റോഡ് പ്രവൃത്തിയിലോ പ്രത്യേക പരിഗണന കൊടുത്തു കൊണ്ട് പുനർ നിർമ്മിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു
