കൽപ്പറ്റ : തുരങ്ക പാത വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ നടത്തി. തുരങ്ക പാത വികസനമല്ല വിനാശമാണ്, മുണ്ടക്കൈ , ചൂരൽമല ദുരിത ബാധിതർക്ക് വാസയോഗ്യമായ സ്ഥലവും വീടും ലഭ്യമാകുന്നതിനാവശ്യമായ പണം നൽകി പുനരധിവാസം അടിയന്തരമായി നടപ്പിലാക്കുക, ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുക, വയനാടിന്റെ യാത്രാ പ്രശ്നം പരിഹരിക്കുക, വടുവൻചാൽ – പരപ്പൻപാറ- മുണ്ടേരി – നിലമ്പൂർ ചുരമില്ലാത്ത പാത നിർമിക്കുക, ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡ് നിർമിക്കുക, താമരശ്ശേരി ചുരം തകരപ്പാടിക്കും 9-ാം വളവിനും ഇടയിൽ എല്ലാ ഭാഗവും രണ്ടുവരി പാത ഉറപ്പു വരുത്തുക, 4 -ാo വളവിൽ നിന്ന് അടിവാരത്തേക്കും ഈങ്ങാപ്പുഴയിലേക്കും നിലവിലുള്ള റോഡ് ബൈപാസായി വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആയിരുന്നു ജാഥ. സമിതി കൺവീനറും മനുഷ്യാവകാശ പ്രവർത്തക സമിതി നേതാവുമായ കെ.വി. ഗോകുൽദാസ് നേതൃത്വം നൽകിയ ജാഥ ലക്കിടിയിൽ സമിതി ചെയർമാനും സിപിഐ (എം എൽ) ജില്ലാ സെക്രട്ടറിയുമായ സാം.പി.മാത്യു ഉദ്ഘാടനം ചെയ്തു. ലക്കിടിയിൽ നിന്നാരംഭിച്ച് വടു വൻചാലിൽ സമാപിച്ച ജാഥയിൽ വിവിധ കേന്ദ്രങ്ങളിൽ സമിതി വൈസ് ചെയർമാനും മനുഷ്യാവകാശ സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയും കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ ഉസ്മാൻ ചാത്തൻചിറ, നാടൻ പാട്ട് കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ മാത്യൂസ് വയനാട്, സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി. തോമസ്, കെ. വാസുദേവൻ, ആർ. രാധാകൃഷ്ണൻ, പി.യു. ജോഷി തുടങ്ങിയവർ സംസാരിച്ചു
