സുല്‍ത്താൻ ബത്തേരി: ദുരന്ത ബാധിതർക്കുവേണ്ടി മാനന്തവാടി രൂപതയും വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റിയും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു കെസിബിസി പ്രസിഡന്‍റ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിതർക്കായി കെസിബിസി നടപ്പാക്കുന്ന പുനരധിവാസ ഭവനപദ്ധതി തോമാട്ടുചാലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാള്‍. ദുരന്തങ്ങളില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുന്പോഴാണ് മനുഷ്യൻ ദൈവത്തിന്‍റെ ഛായ ഉള്ളവനായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോമാട്ടുചാലില്‍ ആദ്യവീടിനു തറക്കല്ലിട്ടുകൊണ്ടാണു കെസിബിസി നിർമിക്കുന്ന ആദ്യ വീടിന്‍റെ നിർമാണം ആരംഭിച്ചത്. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെസിബിസിയുടെ ജസ്റ്റീസ് ഫോർ പീസ് ആൻഡ് ഡെവലപ്മെന്‍റ് കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പുനരധിവാസ പ്രോജക്‌ട് വിശദീകരിച്ചു. ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനു മാനന്തവാടി രൂപത തോമ്മാട്ടുചാലില്‍ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്‍റെ ശിലാസ്ഥാപനം നടന്നത്.
കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ് നിർമിക്കുന്നത്. കെസിബിസിയുടെ സഹകരണത്തോടെ കൂടുതല്‍ വീടുകള്‍ നിർമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അറിയിച്ചു.
എംഎല്‍എ മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, അന്പലവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഫ്സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു, വയനാട് സോഷ്യല്‍ സർവീസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തില്‍, മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കല്‍, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ പാലംപറന്പില്‍, പിആർഒ സാലു ഏബ്രഹാം മേച്ചേരില്‍ എന്നിവർ പ്രസംഗിച്ചു.
അമ്പലവയല്‍, മേപ്പാടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളില്‍നിന്നുള്ള വൈദികരും സന്യസ്തരും മറ്റ് സഹകാരികളും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും ചടങ്ങില്‍ പങ്കെടുത്തു
