ക്രിസ്തുമസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും

കൽപ്പറ്റ : ക്രിസ്തുമസ് -പുതുവത്സരാഘോഷടനുബന്ധിച്ച് അന്തര്‍ സംസ്ഥാന ഫോഴ്‌സിന്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. താലൂക്ക്തല ജനകീയ കമ്മിറ്റികള്‍ കാര്യക്ഷമമാക്കി കമ്മിറ്റി മുഖേന പരാതികള്‍ പരിശോധിക്കും. ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗ പാർട്ടികൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ എ.ഡി.എം കെ ദേവകി നിർദേശം നൽകി. ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2024 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ 17 വരെ 1537 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകള്‍ സംയുക്തമായി 93 പരിശോധനകളും നടത്തി.12000 വാഹനങ്ങള്‍ പരിശോധിച്ചു. 199 അബ്കാരി കേസുകളും 147 എന്‍.ഡി.പി.എസ് കേസുകളും 703 കോട്പ കേസുകളും രേഖപ്പെടുത്തി . കോട്പ കേസുകളില്‍ പിഴയായി 1,40,600 രുപ ഈടാക്കി. അബ്കാരി കേസില്‍ 179 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 155 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 740 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 19 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 8 ലിറ്റര്‍ ബിയര്‍, 560 ലിറ്റര്‍ വാഷ്, 153 ലിറ്റര്‍ കള്ള്, 16 ലിറ്റര്‍ ചാരായം, 65 ലിറ്റര്‍ അരിഷ്ടം 9.286 കി.ഗ്രാം കഞ്ചാവ്, 20 കഞ്ചാവ് ചെടികള്‍, 2 കഞ്ചാവ് ബീഡി, 397 ഗ്രാം മെത്താംഫീറ്റാമിന്‍, 276 ഗ്രാം മാജിക്ക് മഷ് റും, 8 ഗ്രാം എം.ഡി.എം.എ, 1.006 ഗ്രാം ഹാഷിഷ് ഓയില്‍, 6.56 ഗ്രാം ചരസ്, 18 കി. ഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. വിവിധ കേസുമായി ബന്ധപ്പെട്ട്
22,500 രൂപയും
പിടിച്ചെടുത്തു. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി 16 വാഹനങ്ങളും പിടികൂടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനകീയ സമിതി യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫ്, നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോഷി ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, ജനകീയ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

ക്രിസ്തുമസ്-പുതുവത്സരവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം, ജില്ലാതല സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഹൈവേ പട്രോളിംഗ്, എന്നിവ രൂപീകരിച്ചു. താലൂക്ക്തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധനകള്‍ നടത്തും. ജില്ലാതല കണ്‍ടോള്‍ റൂം-04936-228215, ടോള്‍ ഫ്രീ നമ്പര്‍-1800 425 2848, സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല കണ്‍ട്രോള്‍ റൂം 04936-227227, 248190, 246180, വൈത്തിരി 04936-202219, 208230, മാനന്തവാടി 04935-240012, 244923.

Leave a Reply

Your email address will not be published. Required fields are marked *