കെ ജെ ബേബിയുടെ ഓർമ്മകൾ നിറഞ്ഞ് വയനാട് സാഹിത്യോത്സവം

അരികുവത്കരിക്കപ്പെടുന്ന ജനസമൂഹത്തിൻ്റെ ശബ്ദമായിരുന്ന കെ ജെ ബേബി എഴുത്തുകാരൻ , നാടകപ്രവർത്തകൻ, ചലച്ചിത്രസംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്‌ടിച്ച പ്രതിഭയാണ്. സെപ്റ്റംബർ ഒന്നിന്, ലോകത്തോട് വിട പറഞ്ഞ വ്യക്തിത്വത്തിനോടുള്ള ആദരവായിരുന്നു വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിലെ ബേബിമൻറം എന്ന പരിപാടി.

വയനാട്ടിലെ സാംസ്കാരിക ചരിത്രത്തിലെ നാഴികകല്ലാണ് കെ ജെ ബേബിയുടെ ജീവിതമെന്ന് ദേവസ്യ നടുവയൽ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി എന്ന സംഘടനയിലൂടെ ആദിവാസികൾക്കിടയിൽ അദ്ദേഹം നടത്തിയ സാമൂഹികപ്രവർത്തനങ്ങൾ, കനവ് എന്ന ബദൽ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചും അതിൻറെ പ്രത്യേകതകൾ തുടങ്ങി വിവിധ മേഖലകളിൽ ബേബി നടത്തിയ പ്രവർത്തനങ്ങളുടെ സവിശേഷതകളെ കുറിച്ചും ദേവസ്യ ഓർമ്മിച്ചു. .

കർഷകരുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് അവരെ മനസ്സിലാക്കാൻ ശ്രമിച്ച കെ ജെ ബേബിയാണ് ഏച്ചോം ഗോപിയുടെ ഓർമ്മകളിൽ നിറഞ്ഞുനിന്നത്. കർഷകപ്രസ്ഥാനത്തിലൂടെയാണ്. ആദിവാസികൾക്കിടയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ, വിമർശനങ്ങളെ ഹൃദയം കൊണ്ട് ഉൾക്കൊള്ളുന്ന വ്യക്തിത്വമാണ് കെ ജെ ബേബി. ഒട്ടനവധി ജീവിതാനുഭവങ്ങളുള്ള അദ്ദേഹം, വളരെ കുറവായി മാത്രവേ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

“കഥാകാരന്മാർ ഈ ലോകത്ത് നിന്ന് വിടപറയുന്നത് ദൈവത്തിന് കഥ പറഞ്ഞു കൊടുക്കാനായിട്ടാണെന്ന്”, എം ടി ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നും ആ ലോകത്തേക്കാണ് അദ്ദേഹവും കെ ജെ ബേബിയും പോയതെന്ന് ഷീലാ ടോമി പറഞ്ഞു. അതിസാധാരണനായി കടന്നുപോയ മനുഷ്യനായ കെ ജെ ബി ബേബി, ശബ്ദമുയർത്താൻ കഴിയാത്തവരുടെ ശബ്ദമായിരുന്നു തൻ്റെ കൃതിയായി വല്ലി അദ്ദേഹത്തിന് സമർപ്പിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ഷീല ടോമി പങ്കുവച്ചു.

കെ ജെ ബേബിയുമൊത്ത് സഞ്ചരിക്കാൻ കിട്ടിയ അവസരം വളരെയധികം സന്തോഷത്തോടെ ഓർക്കുന്നവയാണെന്നും നാടക ഗാനങ്ങളുടെ ചടുലതയിൽ ഒപ്പമുള്ളവരെ കൂടെ കൂടുന്ന അപൂർവ്വ വ്യക്തിത്വമായിരുന്നുവെന്നും പി കെ റെജി പറഞ്ഞു.

കോഴിക്കോട് ജയിലിൽ തനിക്കൊപ്പം ജയിൽ വാസം അനുഷ്ഠിച്ച സുസ്മേരവദനനായ ബേബിയെയാണ് ടി കെ ഇബ്രാഹിമിൻ്റെ ഓർമ്മകളിലിപ്പോഴും. ഗോത്രവിഭാഗങ്ങളോട് പ്രത്യേകമായൊരു കടപ്പാടും ബന്ധവും സൂക്ഷിച്ച, ശക്തമായ രാഷ്ട്രീയ നിലപാടുള്ള മനുഷ്യസ്നേഹിയായ കലാകാരനായിരുന്നു ബേബിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

‘കനവ്’ എന്ന മാതൃക വിദ്യാഭ്യാസത്തെ അവതരിപ്പിച്ച, ഗോത്രവിദ്യാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ വിദ്യാഭ്യാസം ഉറപ്പാക്കിയ കെ ജെ ബേബിയാണ് കെ കെ സുരേന്ദ്രൻ്റെ വാക്കുകളിലൂടെ പ്രതിഫലിച്ചത് ജീവിതവും മരണവും സ്വയം തെരെഞ്ഞെടുക്കുകയായിരുന്നു കെ ജെ ബേബി സുരേന്ദ്രൻ പറഞ്ഞു.

തൻ്റെ ജീവിതം അതാണ് തൻ്റെ എഴുത്ത് എന്നതായിരുന്നു കെ ജെ ബേബിയുടെ ശൈലിയെന്ന് ഷാജി പുൽപ്പള്ളി അഭിപ്രായപ്പെട്ടു. വയനാടും മലയാളവും അർഹിച്ച അംഗീകാരം നൽകാത്ത വ്യക്തിത്വമായ ഡി സി ജോണിൻറെ അവസ്ഥ കെ ജെ ബേബിയ്ക്ക് സംഭവിക്കാതിരിക്കുവാനാണ് ഓർമ്മ പുസ്തകം പ്രസിദ്ധീകരിക്കുവാൻ മുന്നിട്ടിറങ്ങുവാൻ കാരണമെന്ന ഷാജി കൂട്ടിച്ചേർത്തു.

എഴുത്തിലൂടെ സാമൂഹികോന്നമനം ലക്ഷ്യമിട്ട് കീഴാളജനതയുടെ നന്മയ്ക്കു വേണ്ടി തൻ്റെ തൂലികയെ പടവാളാക്കിയ കെ ജെ ബേബിയെ മോഡറേറ്റായ എം ഗംഗാധരൻ പറഞ്ഞു. .
മലയാളസാഹിത്യത്തിലെ മഹാവിസ്മയമായ എം.ടിയോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് സെഷൻ ആരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *