കൊച്ചി: ചൂരൽമല- മുണ്ടക്കെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ഹാരിസൺ മലയാളം, എൽസ്‌റ്റോൺ ടീ എസ്റ്റേറ്റ് എന്നിവരുടെ ഹർജിയാണ് തള്ളിയത്. ലാൻഡ് അക്വിസിഷൻ നിയമ പ്രകാരം നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.ഹർജികളിന്മേൽ നവംബർ 26നാണ് വാദം പൂർത്തിയായത്. തുടർന്ന് വിധി പറയാൻ മാറ്റിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി നിലവിൽ അവധിയാണ്. എന്നാൽ ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പകത്തിൻ്റെ ബെഞ്ചാണ് ഹർജികളിന്മേൽ ഉത്തരവിട്ടത്.
വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം, ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി
