കൽപ്പറ്റ : പുതിയവർഷം പ്രതീക്ഷകളുടെതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികൾ തയ്യാറാക്കുകയാണെന്ന് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ പറഞ്ഞു. കുട്ടികളുമായുള്ള ജില്ലാ കളക്ടറുടെ ഗുഡ് മോണിങ്ങ് കളക്ടർ പ്രതിവാര സംവാദ പരിപാടിയാണ് വയനാടിന്റെ പ്രതീക്ഷകളും വെല്ലുവിളികളുമെല്ലാം പങ്കുവെക്കുന്നതിന്റെ വേദിയായി മാറിയത്. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥികളാണ് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രിയുടെ ഗുഡ്മോണിങ്ങ് കളക്ടർ പരിപാടിയിൽ പുതുവത്സര ദിനത്തിൽ അതിഥികളായെത്തിയത്. വ
യനാടിന്റെ സാമ്പത്തിക ഉന്നമനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിനോദ സഞ്ചാരം, കാർഷികം തുടങ്ങിയ മേഖലകൾ. ഈ മേഖലകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. ദുരന്തങ്ങൾക്ക് ശേഷം സേഫ് ടൂറിസം എന്ന പേരിൽ ജില്ലാ ഭരണകൂടം ക്യാമ്പെയിൻ നടത്തിയിരുന്നു. ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം, അഗ്രി ടൂറിസം എന്നിങ്ങനെ വിവിധ ശാഖകളായുള്ള വയനാട് ടൂറിസത്തെ തിരിച്ചു പിടിക്കും. ഇതിനായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. എൻ ഊര് പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജില്ലാ കളക്ടർ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും ഇനിയുമുള്ള മുൻകരുതൽ എന്തായിരിക്കണം എന്ന ചോദ്യം ദുരന്തമേഖലയിൽ നിന്നുള്ള എം.പി.സിനാൻ മുഹമ്മദിന്റേതായിരുന്നു. ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായുള്ള മാറ്റി പാർപ്പിക്കലിന് ഷെൽട്ടറുകൾ തുടങ്ങിയവയുടെ വ്യാപനവും ആധുനിക സാങ്കേതിക വിദ്യയുടെ ലഭ്യതയും സാധ്യതയുമെല്ലാം ഇതിന് ഉത്തരമായി ജില്ലാ കളക്ടർ പങ്കുവെച്ചു. ഉന്നത പഠനത്തിനായുള്ള ജില്ലയിലെ സൗകര്യങ്ങൾ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ സമഗ്രമായ സംവാദത്തിന്റെ നിറവിലായിരുന്നു ജില്ലാ കളക്ടറുടെ ചേംബറിലെ പുതുവർഷദിനത്തിലെ ആദ്യ അരമണിക്കൂർ. യുവതലമുറയിൽ വളരുന്ന ആത്മഹത്യ, ലഹരി എന്നിവയെല്ലാം അത്യധികം അമർച്ച ചെയ്യപ്പെടേണ്ടതാണ്. ഇതിൽ നിന്നെല്ലാമുള്ള പിൻമാറ്റത്തിന്റെ വേദിയായിരിക്കണം കലാലയങ്ങൾ.
മാനസികാരോഗ്യം പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ഉൾക്കൊണ്ട് കുട്ടികൾക്ക് കൗമാരകാലം പിന്നിടാൻ കഴിയണമെന്നും ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു. സെന്റ് മേരീസ് കോളേജ് അധ്യാപികയായ പി.ആർ.അശ്വതിയും ഗുഡ്മോണിങ്ങ് കളക്ടർ പരിപാടിയിൽ വിദ്യാർത്ഥികളെ അനുഗമിച്ചിരുന്നു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഇതുവരെ കളക്ടറുടെ പ്രതിവാര ഗുഡ് മോണിങ്ങ് കളക്ടർ പരിപാടിയിൽ ഇതിനകം പങ്കെടുത്തിരുന്നു.ഭരണനിർവ്വഹണം, അടിസ്ഥാന നിർദ്ദേശങ്ങളുടെ സമന്വയം
എന്നിങ്ങനെയെല്ലാം സ്വാംശീകരിക്കുന്ന പുതിയ തലമുറകളുമായുള്ള സംവാദം ജില്ലയുടെയും വേറിട്ട അനുഭവമാണ്.
