ബത്തേരി : ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിന് ഉത്തരവാദിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ജനപ്രതിനിധിയായിരിക്കാൻ അദ്ദേഹത്തിന് അർഹതയില്ല. രാജിവച്ച് അന്വേഷണം നേരിടണം. ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് എംഎൽഎ കോഴ വാങ്ങിയെന്ന് മരണക്കുറിപ്പ് എഴുതി ഡിസിസി ട്രഷറർ തന്നെ ജീവനൊടുക്കിയ സാഹചര്യമാണുള്ളത്. രാജിവച്ചില്ലെങ്കിൽ പൊതുപരിപാടികളിൽ തടയുമെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, അർജുൻ ഗോപാൽ, ടി പി ഋതുശോഭ്, കെ വിനീഷ്, അജിത് കെ ഗോപാൽ, ജിഷ്ണു ജനാർദനൻ, കെ അഖിൽ എന്നിവർ നേതൃത്വം നൽകി.
ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ല: ഡിവൈഎഫ്ഐ
