കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെയും മകൻ്റെയും മരണത്തിൽ ഈ മാസം 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്നാണ് വാക്കാൻ നിർദ്ദേശം നൽകിയത്. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി ട്രഷററുടെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. കേസിൽ നാല് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ , കെ കെ ഗോപിനാഥൻ, അന്തരിച്ച കോൺഗ്രസ് നേതാവ് പി പി വി ബാലചന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.
