കല്‍പറ്റ: വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് പഞ്ചാരകൊല്ലിയില്‍ ഉണ്ടായത്. ജില്ലയിലെ എട്ടാമത്തെ മനുഷ്യ ജീവനാണ് നഷ്ട്ടമായത്. സംഭവം ഉണ്ടായ ഉടന്‍ മന്ത്രി ഒആര്‍ കേളു സ്ഥലത്ത് എത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും, പ്രദേശവാസികളോടും ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുകയും ചെയ്തു. അടിക്കാടുകള്‍ വെട്ടാനും, ഫെന്‍സിങ് നടപടികള്‍ ആരംഭിക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമാണ്. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ആര്‍ആര്‍ടി സംഘം കടുവയെ പിടികൂടുന്നത് വരെ പ്രദേശത്ത് പരിശോധന തുടരും. കേരളത്തില്‍ ആദ്യമായി നരഭോജി കടുയെ വെടിവെക്കാനുളള ഉത്തരവും നല്‍കി. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വ കക്ഷി യോഗ തീരുമാന പ്രകാരമാണ് ഇതെല്ലാം ചെയ്തത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. മനുഷ്യ ജീവനും, സ്വത്തിനും ഭീഷണിയായി പുറത്തിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്നതാണ് സിപിഐ നയം. അതിനുളള പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുമെന്നും ഇ ജെ ബാബു പറഞ്ഞു.
