കല്പറ്റ: സംസ്ഥാന ബജറ്റ് വയനാടിന്റെ അതിജീവനത്തിന് കരുത്തുപകരുമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് 750 കോടി രൂപ വകയിരുത്തി മനുഷ്യത്വം ഉയർത്തിപ്പിടിച്ചു. കഴിഞ്ഞ ഒന്നിന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ദുരന്തബാധിതരെ പൂർണമായും അവഗണിച്ചപ്പോഴും സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുകയാണ്. മാതൃകാ ടൗൺഷിപ്പ് അതിവേഗത്തിൽ പൂർത്തിയാക്കും.
ഉരുൾപൊട്ടിയനാൾ മുതൽ സംസ്ഥാന സർക്കാരിന്റെ ഓരോ നടപടികളിലും കരുതലിന്റെയും മനുഷ്യത്വത്തിന്റെയും സ്പർശമുണ്ട്. കേന്ദ്രം എത്ര അവഗണിച്ചാലും ടൗൺഷിപ്പും പുനരധിവാസവും പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയോടെയുള്ള പ്രഖ്യാപനത്തിന്റെ ഉറപ്പാണ് ആദ്യഘട്ടമായി ബജറ്റിൽ അനുവദിച്ച 750 കോടി രൂപ.
വന്യമൃഗപ്രതിരോധം, വയനാട് പാക്കേജ്, വയനാട് കോഫി പാർക്ക്, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കും കോടികൾ വകയിരുത്തിയിട്ടുണ്ട്. കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികളിൽനിന്ന് കൃഷിക്ക് കൂടുതൽ വെള്ളമെത്തിക്കാൻ തുക അനുവദിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിക്കും. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിടി സ്കാൻ മെഷീൻ വാങ്ങാൻ ഒന്നരക്കോടിയും തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിന് മൂന്ന് കോടിരൂപയുമുണ്ട്.
കേന്ദ്രം സാമ്പത്തീകമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെയും ജില്ലയുടെയും അതിജീവനത്തിനും കുതിപ്പിനുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതൽ കരുത്തുപകരുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന ബജറ്റ്; അതിജീവനത്തിലേക്ക് അതിവേഗം: സിപിഐ എം
