വന്യമൃഗ ആക്രമണം: കേന്ദ്ര സർക്കാരും വയനാട്‌ എംപിയും അടിയന്തിരമായി നിലപാട് തിരുത്തണം: സിപിഐ എം

കല്പറ്റ : ജില്ലയിൽ തുടർച്ചയായുള്ള വന്യമൃഗ ആക്രമണങ്ങൾക്ക്‌ ശശാശ്വത പരിഹാരം കാണണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി രണ്ടുദിവസങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ ഞെട്ടിക്കുന്നതാണ്‌. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധയുടെ മരണത്തിന്റെ നടുക്കം മാറുംമുമ്പാണ്‌ രണ്ട്‌ ജീവൻകൂടി പൊലിഞ്ഞത്‌.
വന്യമൃഗശല്യ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ സാധ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ല. സംസ്ഥാനത്തിന്‌ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്‌. വനം കൺകറന്റ്‌ ലിസ്‌റ്റിലാണ്‌. വന്യമൃഗപ്രതിരോധത്തിന്‌ കേന്ദ്രസർക്കാരിന്‌ വലിയ ഉത്തരവാദിത്വമുണ്ട്‌. ഇത്‌ നിർവഹിക്കാൻ തയ്യാറാകണം. വന്യമൃശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്‌ ബജറ്റിന്‌ തൊട്ടുമുമ്പ്‌ നൽകിയ ആയിരം കോടിയുടെ പാക്കേജ്‌ നിഷ്‌കരുണം തള്ളി. നയാപൈസ കേന്ദ്രബജറ്റിൽ അനുവദിച്ചില്ല. ഇതിന്‌ മുമ്പ്‌ നൽകിയ 620 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകിയില്ല.
പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരത്തിന്‌ ആദ്യം വേണ്ടത്‌ 1972ലെ കേന്ദ്ര വനം–വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയാണ്‌. നാട്ടിലിറങ്ങുന്ന മൃഗങ്ങളെ പിടികൂടാനും മനുഷ്യജീവൻ എടുക്കുന്നവയെ ഉൻമൂലനം ചെയ്യാനുമുള്ള അധികാരങ്ങൾ സംസ്ഥാന സർക്കാരുകൾക്കും ഡിഎഫ്‌ഒമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥൻമാർക്കും നൽകണം.
സംസ്ഥാനത്തിന്റെ പ്രധാന ആവശ്യമായിരുന്നിട്ടും പാർലൽമെന്റിൽ നിയമഭേദഗതിക്കായി വയനാട്‌ എംപിയായിരുന്ന രാഹുൽഗാന്ധി ഒന്നും ചെയ്‌തില്ല. ഇപ്പോഴത്തെ എംപി പ്രിയങ്കയും ഇതേ പാതയിലാണ്‌. ഇവർ നിലപാട്‌ തിരുത്തണം. കേരളത്തിന്‌ അർഹമായ അവകാശങ്ങൾക്കായി ഇടപെടണം. വന്യമൃഗപ്രതിരോധത്തിന്‌ എംപി ഫണ്ട്‌ ഉൾപ്പെടെയുള്ളവ വിനിയോഗിക്കാവുന്നതാണ്‌. എന്നാൽ ആനിലയിലുള്ള നടപടികളുമില്ല. വന്യമൃഗശല്യ പ്രതിരോധത്തിന്‌ യോജിച്ച സമരങ്ങളാണ്‌ വേണ്ടത്‌. യുഡിഎഫ്‌ രാഷ്‌ട്രീയ പ്രേരിത ഹർത്താൽ നടത്തി കേന്ദ്രസർക്കാരിനെയും വയനാട്‌ എംപി പ്രിയങ്കയെയും സംരക്ഷിക്കുകയാണ്‌. കേന്ദ്ര അവഗണനയിൽ ഇവർ നിലപാട്‌ വ്യക്തമാക്കണം.
വന്യമൃഗാ ആക്രമണ പരിഹാരത്തിന്‌ സഹകരിക്കുന്ന എല്ലാവരെയും കൂട്ടിയോജിപ്പിച്ച്‌ സിപിഐ എം വലിയ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *