ജില്ലയിൽ UDF ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ തടയുന്നു, സംഘര്‍ഷം

കൽപ്പറ്റ: ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങിയതിന് പിന്നാലെ ലക്കിടിയില്‍ സംഘർഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാനുള്ള കോണ്‍ഗ്രസ് – യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.

ലക്കിടിയില്‍ ജില്ലയിലേക്കുള്ള പ്രവേശനകവാടത്തിലാണ് യു.ഡി.എഫ്. പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞിട്ടത്. എന്നാല്‍, അല്പസമയത്തിനുള്ളില്‍ തന്നെ പോലീസ് പ്രവർത്തകരെ റോഡില്‍നിന്ന് മാറ്റാൻശ്രമിച്ചു. ഇതോടെ പ്രകോപിതരായ പ്രവർത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകരെയെല്ലാം പോലീസ് ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. തുടർന്ന് വാഹനങ്ങള്‍ കടത്തിവിട്ടു.

”രണ്ടുജീവനുകളാണ് കഴിഞ്ഞദിവസം പൊലിഞ്ഞത്. വയനാടൻ ജനത എന്താ രണ്ടാനമ്മയ്ക്കുണ്ടായ മക്കളാണോ? മുഖ്യമന്ത്രിക്ക് ജില്ലാ സമ്മേളനത്തിന് പോകാൻ സമയമുണ്ട്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളായ ആ പാവങ്ങളെ സന്ദർശിച്ചിട്ടുണ്ടോ. ഞങ്ങള്‍ ആരോട് പറയും. ഇങ്ങനെയല്ലേ പ്രതിഷേധിക്കാനാവൂ. പോലീസിനെ ഉപയോഗിച്ച്‌ സമരം പൊളിക്കാനാണ് നീക്കം. സാധാരണ എല്ലാ ഹർത്താലിനും പത്തോ പതിനഞ്ചോ മിനിറ്റ് പിടിച്ചിട്ട് വാഹനങ്ങള്‍ വിടാറുണ്ട്. എന്നാല്‍, ഇന്ന് തുടക്കത്തിലേ സി.ഐ. വന്നിട്ട് ഞങ്ങളെ പിടിച്ചുവലിച്ചുകൊണ്ടുപോവുകയാണ്”, ഹർത്താലനുകൂലിയായ ഒരാള്‍ പ്രതികരിച്ചു.

ഇതിനിടെ പോലീസ് ബലംപ്രയോഗിച്ച്‌ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. ഇത് ഷോ അല്ലെന്നും നിങ്ങളാണ് സുരേഷ് ഗോപി കളിക്കുന്നതെന്നുമായിരുന്നു ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. തുടർന്ന് പ്രവർത്തകരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *