കൽപ്പറ്റ: ഓട്ടോകളിൽ സൗജന്യയാത്ര സ്റ്റിക്കർ പതിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ആർടിഒ ഓഫീസ് മാർച്ച് നടത്തി. റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഉത്തരവ് തൊഴിലാളി വിരുദ്ധമെന്ന് പ്രഖ്യാപിച്ചുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.
നൂറുകണക്കിന് ഓട്ടോ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് പോകുമ്പോൾ ‘സൗജന്യയാത്ര’ സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവ് ഒരുകൂട്ടം ഉദ്യോഗസ്ഥർ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്ന് ഫെഡറേഷൻ ആരോപിച്ചു. മീറ്റർ ഇട്ടുതന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു. കെ എം ബിജു അധ്യക്ഷനായി. കെ മുഹമ്മദാലി, പി എ അസീസ്, സന്തോഷ് കുമാർ, അസീസ് വൈത്തിരി, എ റിയാസ്, ഷൈജു കേച്ചേരി, ബാബു പുൽപ്പള്ളി, ജോണി എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ സുഗതൻ സ്വാഗതവും കെ ജയരാജൻ നന്ദിയും പറഞ്ഞു.
ഓട്ടോകളിൽ സ്റ്റിക്കർ പതിക്കാൻ അനുവദിക്കില്ല ആർടിഒ ഓഫീസിലേക്ക് ഓട്ടോ തൊഴിലാളികളുടെ മാർച്ച് നടത്തി.
