കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലിംഗനീതി ഉൾച്ചേർത്ത വികസന മാതൃകകൾ എന്ന വിഷയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സിംപോസിയം രജിസ്‌ട്രേഷൻ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ നടത്തിയ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും തുല്യതയ്ക്കുമായി സംഘടിപ്പിച്ച നയി ചേതന ദേശീയ ക്യാമ്പെയിൻ അടിസ്ഥാനമാക്കിയ ജില്ലാതല ഓപ്പൺ ഫോറങ്ങളിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് വനിതാദിന സിംപോസിയത്തിൽ അവതരിപ്പിക്കുക. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മാർച്ച് ഏട്ടിന് രാവിലെ 10 ആരംഭിക്കുന്ന സിംപേസിയത്തിൽ മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന ജില്ലകൾക്ക് പുരസ്‌കാരവും നൽകും. ഓരോ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പരിപാടിയിൽ ഹരിതകർമസേനാംഗവും കഥാകൃത്തുമായ എസ് ധനൂജകുമാരി, ഫോറസ്റ്റ് ബീറ്റ് ഓഫീസർ ജി.റോഷ്‌നി, എഴുത്തുകാരി ഷീല ടോമി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആദരിക്കും. നയിചേതന ദേശീയ ക്യാമ്പെയിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഓപ്പൺ ഫോറത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കൽപ്പറ്റ നഗരസഭാധ്യക്ഷൻ അഡ്വ.ടി.ജെ ഐസക് നിർവഹിക്കും. ജില്ലയിലെ പ്രമുഖ വനിതാ രത്‌നങ്ങളെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ ആദരിക്കും. അഡ്വ.ടി സിദ്ദിഖ് എം.എൽ.എ അധ്യക്ഷനാവുന്ന പരിപാടിയിൽ പ്രിയങ്കാ ഗാന്ധി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ ജെൻഡർ കൺസൾട്ടന്റ് സുപർണ ആഷ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ട്രഷറർ എം.വി വിജേഷ്, കൽപ്പറ്റ സി.ഡി.എസ് ചെയർപേഴ്‌സൺ എ.വി ദീപ, കുടുംബശ്രീ ഡയറക്ടർ കെ.എസ് ബിന്ദു, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനതല സിംപോസിയം ജില്ലയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും
