കൽപറ്റ : മോട്ടോർ തൊഴിലാളികളുടെ തൊഴിലിന് ഭീഷണിയാകുന്ന തരത്തിൽ അശാസ്ത്രീയ നിയമ പരിഷ്കരണങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി പി ആലി. ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കരി നിയമങ്ങൾ നടപ്പിലാക്കാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെയും കേരള സർക്കാരിന്റെയും നടപടികൾക്കെതിരായി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടി യുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ആർടിഒ ഓഫിസുകളിലേക്ക് നടന്ന മാർച്ചിന്റെയും ധർണയുടെയും ജില്ലാതല ഉദ്ഘാടനം കൽപറ്റ ആർടിഒ ഓഫിസിന് മുന്നിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ ടാക്സി കേബുകളിൽ കണ്ട മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ കേരളത്തിലെ മുഴുവൻ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന സർക്കുലർ ഇറക്കിയ ആർടിഒ ഉദ്യോഗസ്ഥർക്ക് പ്രജ്ഞ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗര പ്രദേശങ്ങളിൽ പൂർണ്ണമായും മീറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലാണ് നാമമാത്രമായി മീറ്റർ തകരാറാവുന്ന സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള സമയങ്ങളിൽ മീറ്റർ പ്രവർത്തനരഹിതമാകുന്നത്. അത്തരം നിയമലംഘന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ നിയമാനുസൃതനടപടികൾ സ്വീകരിക്കുന്നതിന് പകരം ഉട്ടോപ്യൻ നിയമങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളുടെ ക്രെഡിബിലിറ്റി തകർക്കുന്നതിനും ഇത്തരത്തിലുള്ള വിവാദ ഉത്തരവുകളിലൂടെ മോട്ടോർ വാഹന വ്യവസ്ഥകൾക്കെതിരെയുള്ള കടന്നുകയറ്റം നടത്തുന്നതിനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹൻദാസ് കോട്ടക്കൊല്ലി,ജ്യോതിഷ് കുമാർ വൈത്തിരി,ആർ ഉണ്ണിക്കൃ’ഷ്ണൻ, മുത്തലിബ് പഞ്ചാര, സി സി തങ്കച്ചൻ, എസ് മണി, സുഹൈൽ, നോറിസ് തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി ആർടിഒ ഓഫിസിലേക്ക് നടന്ന മാർച്ചും ധർണയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി എ റെജി ഉദ്ഘാടനം ചെയ്തു. കെ വി ഷിനോജ് അധ്യക്ഷനായിരുന്നു. ജോർജ് പടകൂട്ടിൽ,എം പി ശശികുമാർ, കെ കൃഷ്ണൻ, അജയഘോഷ്, സാബു തുടങ്ങിയവർ സംസാരിച്ചു.
