“മുട്ടാൻ നിക്കണ്ട, മുട്ടനിടി കിട്ടും” ദുരുദ്ദേശത്തോടെ അടുത്താൽ ഇടി ഉറപ്പ്; സ്ത്രീകൾക്കായി കേരളാ പോലീസിന്റെ ജ്വാല സ്വയം പ്രതിരോധ പരിശീലനം

കൽപ്പറ്റ: ദുരുദ്ദേശത്തോടെ തങ്ങളുടെ നേരെ വരുന്നവരെ നോക്കി സ്ത്രീകൾ ഇനി ആത്മവിശ്വാസത്തോടെ പറയും- “മുട്ടാൻ നിക്കണ്ട, മുട്ടനിടി കിട്ടും”. പറയുക മാത്രമല്ല, അതിക്രമത്തിന് ശ്രമിച്ചാൽ പ്രതിരോധിക്കുകയും ചെയ്യും. കേരളാ പോലീസിന്റെ ‘ജ്വാല 3.0’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ അവർ അതിനുള്ള ധൈര്യം ആർജിച്ചു കഴിഞ്ഞു. അക്രമത്തെ ചെറുക്കാനുള്ള തന്ത്രങ്ങളും, അപകടകരമായ സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള കഴിവും, സ്വയം സംരക്ഷിക്കാനുള്ള കഴിവും പരിശീലനത്തിലൂടെ അവർ സ്വായത്തമാക്കി കഴിഞ്ഞു. അതുകൊണ്ട്, അക്രമികളെ വഴി മാറുക.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടപ്പിലാക്കി വന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലും വിവിധയിടങ്ങളിലായി 08.03.2025 മുതൽ 11.03.2025 വരെ
പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മാനന്തവാടി മേരി മാതാ കോളേജിൽ വയനാട് ജില്ല ക്രൈം ബ്രാഞ്ച്
ഡിവൈ.എസ്.പി എം. കെ സുരേഷ് കുമാർ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എ അഗസ്റ്റിൻ ആശംസകളർപ്പിച്ചു. തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും തിങ്കളാഴ്ച കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലും പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിലും പരിപാടി സംഘടിപ്പിച്ചു. കല്പറ്റയിൽ മാതൃഭൂമി ബ്യൂറോ ചീഫ് കോറസ്‌പോണ്ടന്റ് നീനു മോഹനും, പൂക്കോട് വെറ്റിനറി കോളേജിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സുധീർ ബാബുവും ഉദ്ഘാടനം ചെയ്തു. എൻ.എം.എസ്.എം കോളേജ് പ്രിൻസിപ്പാൾ ഡോ. സുബിൻ പി ജോസഫ്, ഡോ മായ ഡീൻ എന്നിവർ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു. എൻ.എം.എസ്.എം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫസർ പി. എം ശാലിനി, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ നൂറ ജാസ്മിൻ, വെറ്റിനറി യൂണിവേഴിസിറ്റിയിലെ ഡോ. ബിന്ദ്യ ലിസ് അബ്രഹാം, ഡോ. ദിവ്യ പി. ഡി എന്നിവരും പങ്കെടുത്തു സംസാരിച്ചു. ജനമൈത്രി സുരക്ഷ പ്രോജക്ട് വയനാട് ജില്ല അസി. നോഡൽ ഓഫീസർ,കെ. എം ശശിധരൻ , എസ്.പി.സി അസി. നോഡൽ ഓഫീസർ കെ.മോഹൻദാസ്, ക്യാപ്‌ പ്രൊജക്റ്റ്‌ അസി നോഡൽ ഓഫീസർ ടി.കെ ദീപ എന്നിവർ പരിപാടികൾ ക്ക് ഏകോപനം നൽകി. മാസ്റ്റർ ട്രെയിനർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരുമായ ഫൗസിയ, റസീന, ജെഷിത എന്നിവരാണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *