കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിൻറെയും ആരോഗ്യകേരളത്തിൻറെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തന പരിപാടിയുടെ ഭാഗമായി പെരിട്ടോണിയൽ ഡയാലിസിസ് രോഗീ സംഗമം കാരാപ്പുഴ ഡാം സൈറ്റിൽ സംഘടിപ്പിച്ചു. സംഗമത്തിൻറെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വളരെ പ്രാധാന്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഓരോ വർഷവും പാലിയേറ്റീവ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും അടുത്ത വർഷം കൂടുതൽ പ്രവർത്തനങ്ങൾ പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ, പാലിയേറ്റീവ് വളണ്ടിയർമാർ, പാലിയേറ്റീവ് നേഴ്സുമാർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്ക്രീനിങ്ങും ആഭാ ഐഡി വിതരണവും ഇതോടൊപ്പം നടന്നു. രോഗികൾക്കും ബന്ധുക്കൾക്കുമായ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രസന്നകുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. പാലിയേറ്റീവ് ജില്ലാ വളണ്ടിയേഴ്സ് കോ ഓഡിനേഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ മികച്ച പാലിയേറ്റീവ് പരിചരണ പ്രവർത്തനത്തിനുള്ള അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. മികച്ച സെക്കൻഡറി പാലിയേറ്റീവ് നേഴ്സായി റോബിനും പ്രൈമറി പാലിയേറ്റീവ് നേഴ്സായി ബിന്ദു സുനിലും ഫിസിയോതെറാപ്പിസ്റ്റായി റിയ ഐസനും സമ്മാനിതരായി. മികച്ച പാലിയേറ്റീവ് സ്റ്റുഡൻസ് ഗ്രൂപ്പിനുള്ള അവാർഡ് ഇടവക ബി എഡ് കോളേജിലെ എൻ എസ് എസ് യൂണിറ്റിനും ഏറ്റവും നല്ല പാലിയേറ്റീവ് വളണ്ടിയർ യൂണിറ്റിനുള്ള അവാർഡ് പടിഞ്ഞാറത്തറയ്ക്കും നൽകി. യോഗത്തിൽ വാഴവറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി ചെയർപേഴ്സൺ ബിന്ദു മോഹനൻ അധ്യക്ഷത വഹിച്ചു .ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി മുഖ്യ സന്ദേശം നൽകി. വാഴവറ്റ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജീവ് പി ജി, മേരി സിറിയക്ക് എന്നിവരും പാലിയേറ്റീവ് പ്രവർത്തകരായ അസൈനാർ പി, വേലായുധൻ, സൂസൻ ബേബി എന്നിവരും സംസാരിച്ചു. സംഗമത്തിന് എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ. കെ ആർ ദീപ സ്വാഗതവും, വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിശാന്ത് മൂത്തേടത്ത് നന്ദിയും പറഞ്ഞു.
