മാനന്തവാടി : കഠിന വേദനയില്‍ ഏഴ് വര്‍ഷം തളര്‍ന്ന് കിടന്ന വിനീത നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് കാല്‍വെക്കുകകയാണ്. അരിവാള്‍ രോഗബാധയെ തുടര്‍ന്ന് ഇടുപ്പെല്ലിന് പഴുപ്പ് സ്ഥിരീകരിക്കുകയും മാനന്തവാടി മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ച സന്തോഷത്തിലാണ്. പുല്‍പ്പള്ളി കരിമ്പിന്‍ക്കൊല്ലി വീട്ടിലെ 32 കാരിയായ വിനീത ബിരുദ പഠന കാലത്താണ് കാലിന് വേദന അനുഭവപ്പെട്ട് വിവിധ ചികിത്സകള്‍ നടത്തിയിരുന്നു. ഇടുപ്പ് എല്ലിന് ആരംഭിച്ച പഴുപ്പ് ശരീരത്തിലേക്ക് ബാധിച്ചതോടെ ക്യാന്‍സര്‍ ബാധയാണെന്ന് പരിശോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ് ആദ്യം പരിശോധനകള്‍ നടത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അരിവാള്‍ അണുബാധ കണ്ടെത്തിയത്. പിന്നീട് അവിടെ നിന്നും ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 2023 ഡിസംബറില്‍ വേദന കൂടിയതോടെയാണ് മാനന്തവാടി ഗവ മെഡിക്കല്‍ കോളെജില്‍ ചികിത്സക്ക് എത്തിയത്. തുടര്‍ന്ന് മന്ത്രി ഒ.ആര്‍ കേളുവിന്റെ നിര്‍ദേശാനുസരണം 2024 ജനുവരിയില്‍ ആദ്യ ശസ്ത്രക്രിയ നടത്തുകയും ശേഷം ഫെബ്രുവരിയില്‍ രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് സംഭവിച്ചത് സ്വപ്നമാണെന്ന് വിനീത പറഞ്ഞു. ഇന്ന് സന്തോഷവതിയായി മുന്നേറുകയാണെന്നും ആശുപത്രിയിലെ എല്ലാം ഡോക്ടര്‍മാരോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നതായും വിനീത പറഞ്ഞു
