വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം; പിന്നിൽ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ്

മാനന്തവാടി: വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
വയനാട് തലപ്പുഴ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടന്ന ഒരു സെമിനാറാണ് ഇതിൽ പ്രധാനപ്പെട്ട കാരണം. സ്ത്രീകളുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട ഒരു ഇലക്ട്രോണിക് ഡിവൈസിന്റെ ട്രയൽ ഒന്നുള്ള തരത്തിലാണ് പരിപാടി നടന്നത്. മാർച്ച് 20 മുതൽ 22 വരെ ഉദ്യമ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഉപകരണം പരീക്ഷിച്ചത്. വിരലിൽ അണിയാവുന്ന ഇലക്ട്രോണിക്‌സ് ഉപകരണം വിദ്യാർത്ഥികൾക്ക് നൽകി. ആർത്തവ സൈക്കിൾ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ഉപകരണമെന്നാണ് സൂചന. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് നീക്കം. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലെ സ്ത്രീകളിൽ ഇത് പരീക്ഷിക്കുക എന്ന തരത്തിലുള്ള നീക്കമാണ് നടന്നത്. എന്നാൽ ഇവർക്കിടയിൽ ഈ ഡിവൈസ് വിതരണം ചെയ്‌തോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കോളജ് ജീവനക്കാരുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലും ഇതുമായി ബന്ധപ്പെട്ട പോസ്റ്ററിലും ഇത് ട്രയൽ ആണെന്ന തരത്തിൽ സ്ഥിരീകരണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് എൻജിനിയറിങ് കോളജ് ആദ്യം സമീപിച്ചത് ട്രൈബൽ ഡിപ്പാർട്ട്‌മെന്റിനെയാണ്. മാനന്തവാടി ട്രൈബൽ ഡെവലമെന്റ് ഓഫീസറെയാണ് സമീപിച്ചത്. ട്രൈബൽ വകുപ്പ് ഇതിൽ ഒൻപത് നിബന്ധനകൾ വച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ട നിബന്ധന. എന്നാൽ ഒരു കമ്മറ്റി കൂടാതെ അനുമതി നൽകാൻ കഴിയില്ലെന്ന നിലപാട് ആരോഗ്യ വകുപ്പ് സ്വീകരിച്ചു. അനുമതി നൽകിയില്ല. കൃത്യമായ അനുമതി വേണമെന്നിരിക്കേ ഇവർ ഊരുകളിലേക്ക് ഉൾപ്പടെ പോയി വിഷയത്തിൽ സർവേയടക്കം നടത്തി.
കോളജ് അധികൃതർ ഇതിന്റെ ഗൗരവം മനസിലാക്കിയിട്ടില്ലെന്നാണ് മനസിലാകുന്നത്. എവിടെയിരുന്നും ഡിവൈസിന്റെ നിർമാതാക്കൾക്ക് ആർത്തവ ചക്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പടെ ശേഖരിക്കാം എന്നതാണ് ഇതിലെ അപകടം.

Leave a Reply

Your email address will not be published. Required fields are marked *