കൽപ്പറ്റ : ബന്ധിപ്പൂർ ദേശീയ ഉദ്യാനത്തിലൂടെ കടന്നു പോകുന്ന റോഡുകളിൽ ഇപ്പോൾ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനം തുടരണമെന്നും എന്നാൽ റോഡുകൾ പൂർണ്ണമായും അടച്ചിടുന്നതിനെ വയനാട് പ്രകൃതിസംരക്ഷണ സമിതി അനുകൂലിക്കില്ലെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി വ്യക്തമാക്കുന്നു. രാത്രി 9 മണി മുതൽ കാലത്ത് 6 മണി വരെയുള്ള നിയന്ത്രണം വന്യജീവികൾക്കും ഇരു സംസ്ഥാനത്തുമുള്ള യാത്രക്കാർക്കും ഗുണകരമാണെന്ന് വ്യക്തമായി കഴിഞ്ഞതാണ്. കഴിഞ്ഞ 16 വർഷമായി തുടരുന്ന നിയന്ത്രണവുമായി എല്ലാവരും പൊരുത്തപ്പെട്ടു കഴിഞ്ഞു.
കർണ്ണാടക സർക്കാർ കേരള സർക്കാരിനെപ്പോലെ തന്നെ ഒരിക്കലും നിയന്ത്രണത്തെ പിൻതുണച്ചിരുന്നില്ല. പരിസ്ഥിതി പ്രവർത്തകരുടെ നിരന്തര ആവശ്യത്തെ തുടർന്ന് 2009 ൽ ബന്ധിപ്പൂർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടറുടെ ശുപാർശ പ്രകാരം ചാമരാജ് കലക്ടറാണ് രാത്രിയാത്രാ നിരോധനം പ്രഖ്യാപ്പിച്ചത്. കേരള സർക്കാറിൻ്റെ സമ്മർദ്ദത്തെ തുടർന്ന് അന്നത്തെ കർണ്ണാകമുഖ്യമന്ത്രി യതിയൂരപ്പ നിരോധനം റദ്ദു ചെയ്തു. ഇതെ തടർന്ന് ബങ്കളൂരുവിലെ അഡ്വ: ശ്രീനിവാസ ബാബുവും വയനാട് പ്രകൃതി സംരക്ഷണ സമിതിയും വെവ്വേറെ നൽകിയ റിട്ട് ഹർജിയിൽ കർണ്ണാടക ഹൈക്കോടതി നൽകിയ ഉത്തരവിനെ തുടർന്നാണ് ചില നിബന്ധനകളോടെ രാത്രി 9 മണി മുതൽ കാലത്ത് 6 മണി വരെ രാത്രിയാത്ര നിയന്ത്രിച്ചത്. നിയന്ത്രണമുള്ള സമയത്തുതന്നെ അത്യാവശ്യമുള്ള ബസ്സുകൾ ഓടുന്നുണ്ട്. ആമ്പുലൻസുകളും പോലീസ് ,ഫയർ ഫോർസ് വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല.
ഇതിനെതിരെ ബത്തേരി കേന്ദ്രീകരിച്ച് കള്ളക്കടത്തു സംഘങ്ങളുടെയും ഹവാല മാഫിയയുടെയും പിൻതുണയോടെ നടത്തിയ പ്രക്ഷോഭങ്ങളൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെയും സകല രാഷ്ട്രീയ – മത -ജാതി സംഘാനകളുടെയും പിൻബലത്തോടെയുമാണ് സമരം നടന്നത്. വയനാട്ടുകാരുടെ പിൻതുണയില്ലാത്തതിനാൽ ഒരു ഹർത്താലോ ബന്തോ ഈ അവശ്യത്തിൽ സംഘടിപ്പിക്കാൻ സമരക്കാർക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.
കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ കേരള ട്രാൻസ് പോർട്ട് കോർപ്പറേഷൻ മാത്രമാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്. സംസ്ഥാന സർക്കാറല്ല. രാഹുൽ ഗാന്ധിയും ചില എം എൽ എ മാരും എം.പി മാരും വ്യാപാരി വ്യവസായികളും കേസ്സിൽ കക്ഷിചേരുമെന്ന് ഗീർവാണം നടത്തിയിരുന്നെങ്കിലും ഇന്നെവരെ സുപ്രീം കോടതി ആരെയും കക്ഷി ചേർത്തിട്ടില്ല.
സുപ്രീം കോടതി പല തവണ അപ്പീൽ വിചാരണക്കെടുത്തെങ്കിലും അനുകൂല വിധിയുണ്ടാകില്ലെന്ന് ബോധ്യമായ കെ.എസ്.ആർ.ട്ടി.സിയുടെ വക്കിൽ തന്ത്രപൂർവ്വം പല തവണ കേസ്സ് മാറ്റിവെപ്പിക്കുകയും പ്രശ്നം പഠിക്കാൻ ഉന്നതതല കമ്മറ്റി വേണമെന്ന് വാദിക്കുകയും ചെയ്തു. തുടർന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചെയർമാനും വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സെക്രട്ടറി, നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിട്ടിയുടെ സെക്രട്ടറി , കേരള – തമിൾനാട് – കർണ്ണാടക ഗവഃസെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമായ സമിതി സുപ്രീം കോടതി നിശ്ചയിക്കുകയുണ്ടായി. വിശദമായ തെളിവെടുപ്പിനുശേഷം പ്രസ്തുത കമ്മറ്റി നിലവിലുള്ള സ്ഥിതി തുടരാൻ ശുപാർശ ചെയ്യുകയാണുണ്ടായത്. ഏറ്റവുമൊടുവിൽ സുപ്രീം കോടതി കേസ്സ് വിചാരണക്കെടുത്തപ്പോൾ നിരോധനം തുടരാനും ഇപ്പോഴത്തെ ബദൽ റോഡായ ഗോണിക്കുപ്പ – കുട്ട റോഡ് നാഷണൽ ഹൈവേയ്ക്ക് സമാനമായ സൌകര്യത്തോടെ വികസിപ്പിച്ച ശേഷം പൂർണ്ണമായും അടക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പറഞ്ഞപ്പോൾ സമിതിയുടെ വക്കിൽ അതിനെ എതിർക്കയും ഇപ്പോഴത്തെ സ്ഥിതി തുടരാൻ ആവശ്യപ്പെടുകയുമാണുണ്ടായത്.
രാഹുൽ ഗാന്ധിയെ തുടർന്ന് പ്രിയങ്കാ ഗാന്ധി എം.പിയായപ്പോൾ കർണ്ണാക സർക്കാറിൽ സമ്മർദ്ദം ചെലുത്തി റോഡ് തുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രിയങ്കാ ഗാന്ധി പാർലിമെൻ്റിൽ മത്സരിച്ചപ്പോൾ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യാത്രാനിരോധനം പിൻവലിക്കാൻ കർണാടക അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബാങ്കളുരിൽ ചെന്ന് അത് വെള്ളം കൂട്ടാതെ വിഴുങ്ങുകയാണ് ചെയ്തത്. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ്സിൽ കർണ്ണാടക സർക്കാറിനോ കേരള സർക്കാറിനോ കേന്ദ്രസർക്കാറിനോ കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എത് വിഡ്ഡികൾക്കും തിരിച്ചറിയാൻ കഴിയും. കള്ളക്കടത്ത് മാഫിയക്കു വേണ്ടി തിമർത്താടി അകാലചരമമടഞ്ഞ പ്രക്ഷോഭങ്ങളുടെയും കണ്ഠക്ഷോഭങ്ങളുടെയും ദയനീയമായ ആവർത്തനമാണിപ്പോൾ നടക്കുന്നത്.
ബന്ധിപ്പൂർ റോഡുകളിലെ യാത്രാ നിയന്ത്രണം: നിലവിലെ സ്ഥിതി തുടരണം
