കൽപ്പറ്റ: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ പതിനേഴ് വയസ്സുകാരന്‍ ഗോകുല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റെ ഗുരുതര വീഴ്ചയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. മാര്‍ച്ച് 26ന് മുട്ടില്‍ സ്വദേശിനിയായ ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് പൊലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കഴിഞ്ഞതിന് ശേഷം കല്‍പ്പറ്റ പൊലീസിന് 31ന് രാത്രി പത്തരക്ക് കൈമാറിയത്. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും എഫ്.ഐ.ആറില്‍ പേരില്ലാത്ത ഗോകുലിനെ കസ്റ്റഡിയില്‍ വെക്കുകയുമായിരുന്നു. എസ്.ടി വകുപ്പിനേയോ പ്രമോട്ടര്‍മാരേയോ വാര്‍ഡ് മെമ്പര്‍മാരോ പൊതുപ്രവര്‍ത്തകരേയോ ഈ വിവരം അറിയിച്ചിരുന്നില്ല. ശുചി മുറിയിലെ ശവറില്‍ ഷര്‍ട്ടില്‍ തൂങ്ങി മരിച്ചു എന്നാണ് പൊലീസ് പറയുന്നത്. കല്‍പ്പറ്റ പൊലീസ് സ്‌റ്റേഷന്‍ ഫുള്‍ ക്യാമറ നിരീക്ഷണത്തിലാണ്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്ത് വിടാത്തതും ഭരണകക്ഷി പാര്‍ട്ടിയുടെ നേതാക്കള്‍ പൊലീസിനെ ന്യായീകരിക്കുന്നതും പൊലീസ് ഓഫീസേഴ്‌സ് ജില്ലാ നേതാവിന്റെ അമിതമായ ഇടപെടലും സംശയതിന് കാരണമാണ്. ഗോകുലിനെ കാണാനില്ലന്ന് കാണിച്ച് മാര്‍ച്ച് 27ന് അമ്പലവയല്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തയിട്ടുമില്ല. ആര്‍.ഡി.ഒ, മജിസ്‌ട്രേറ്റ് അന്വേഷണവും ക്രൈംബ്രാഞ്ച് സമാന്തരനേഷണവും നടത്തുന്നു എന്നുപറയുമ്പോഴും ജില്ലയുടെ ചാര്‍ജുള്ള വകുപ്പ് മന്ത്രിയുടെ പ്രസ്താവന കാണുന്നില്ലെന്നത് ശ്രദ്ധേയമാണ്. പാവപ്പെട്ട ജനവിഭാഗത്തിലുള്ളവരായതിനാല്‍ വേണ്ട ജാഗ്രത കുറവ് കല്‍പ്പറ്റ സ്റ്റേഷനിലുണ്ടായിട്ടുണ്ട്. കോഴിക്കോട് വെച്ച് കസ്റ്റഡിയിലെടുത്തപ്പോള്‍ മാനസിക പീഡനങ്ങള്‍ ഉണ്ടായോ എന്നതിലും, കല്‍പ്പറ്റ പൊലീസില്‍ നിന്ന് മാനസിക സമര്‍ദ്ദമുണ്ടാകുന്ന തരത്തില്‍ അനുഭവങ്ങളുണ്ടായോ എന്നതിനാല്‍ നിക്ഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മരണം പോലീസ് മര്‍ദ്ദനമാണെങ്കിലും അല്ലെങ്കിലും ആത്മഹത്യയാണെങ്കിലും നടപടി ക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കും. നടപടിയില്ലങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. നൗഫല്‍ കക്കയത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നവാസ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ: എ.പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. അസീസ് അമ്പിലേരി, മുബഷിര്‍ എമിലി, നിഷാദ് റാട്ടകൊല്ലി, ഫാരിസ് എടഗുനി, മന്‍സൂര്‍ മുന്‍ണ്ടേരി, നാസര്‍ ചുഴലി സംസാരിച്ചു. ഷമീര്‍ ഒടുവില്‍ സ്വാഗതവും, അഷ്‌ക്കര്‍ അമ്പിലേരി നന്ദിയും പറഞ്ഞു.
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ ദുരൂഹത: യൂത്ത്‌ലീഗ്
