പനമരം: കൂളിവയൽ ആസ്ഥാനമായി 15 വർഷത്തിലേറെ യായി മനുഷ്യ വിഭവശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സൈൻ കൂട്ടായ്മയുടെ നാഷണൽ ഡെവലപ്മെൻ്റ് പ്രോജക്റ്റിന്റെ ഭാഗമായി മലബാറിലെ 20 പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഗ്രാമ ശാക്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 റീജണൽ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു.
പ്രാദേശിക സംഘങ്ങൾ, മഹല്ലുകൾ, സന്നദ്ധ കൂട്ടായ്മകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി സൈൻ വിഭാവനം ചെയ്യുന്നത്. സ്വയം സഹായ സംഘങ്ങൾ, പലിശ രഹിത വായ്പാ പദ്ധതികൾ, തൊഴിൽ പരിശീലനം, ആരോഗ്യ ധാർമിക ബോധവൽക്കരണം, സെക്യൂരിറ്റി സ്കീം, സാംസ്കാരിക കൂട്ടായ്മകൾ തുടങ്ങി നിരവധി നൂതനമായ പദ്ധതികളുടെ ഒരു കൺസോർഷ്യം എന്ന രീതിയിലാണ് ആർആർസി കൾ പ്രവർത്തിക്കുക. നാടിനും സമൂഹത്തിനും മാതൃകയാക്കാവുന്ന രാജ്യ നിർമിതിയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്ന മാതൃകാ ഗ്രാമങ്ങളായി വളർത്തുക എന്നതാണ് ലക്ഷ്യം.
കഴിഞ്ഞ അഞ്ച് വർഷമായി മലബാറിലെ വിവിധ പ്രദേശങ്ങളിൽ വിജയകരമായി സൈൻ നടപ്പിലാക്കിയ പ്രസ്തുത പദ്ധതി മുൻകൂട്ടി സന്നദ്ധത അറിയിച്ച 20 പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സൈൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. റാശിദ് ഗസ്സാലി പദ്ധതി അവതരണവും തുടർന്നുള്ള ചർച്ചകൾക്ക് നേതൃത്വവും നൽകി. വൈസ് ചെയർമാൻ അബ്ദുല്ല ദാരിമി അധ്യക്ഷത വഹിച്ചു. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.
സൈൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബ്ലാത്തൂർ പികെ അബൂബക്കർ ഹാജി, എംകെ സുലൈമാൻഹാജി, പിസി ഇബ്രാഹിം ഹാജി കമ്പളക്കാട് തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബാസിം ഗസ്സാലി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നൗഫൽ ഗസ്സാലി നന്ദിയും പറഞ്ഞു.
