കല്‍പറ്റ: ഉപജീവന സഹായം കിട്ടാതായതോടെ തുടർജീവിതത്തില്‍ ദുരിതവുമായി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതർ. ദിവസേന 300 രൂപ സഹായം വീണ്ടും നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല.
സർക്കാറിന്റെ അറിയിപ്പും അതിന്റെ പോസ്റ്ററുകളും കിട്ടിയതല്ലാതെ സഹായം കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ടു വ്യക്തികള്‍ക്ക് വീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും (എസ്.ഡി.ആര്‍.എഫ്) കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും പ്രതിദിനം 300 രൂപ വീതം ഒമ്ബത് മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് ഏപ്രില്‍ ഏഴിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും തുക വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ദുരന്തത്തിനുശേഷം മൂന്നു മാസം മാത്രമാണ് ഈ തുക കുടുംബങ്ങള്‍ക്ക് ലഭിച്ചത്.
അതേസമയം പുതിയ ഉത്തരവു പ്രകാരം മുഴുവന്‍ ദുരന്തബാധിതര്‍ക്കും ഉപജീവന സഹായം ലഭിക്കില്ലെന്നാണ് സൂചന. മറ്റൊരു ഉപജീവന മാര്‍ഗവും ഇല്ലാത്തവര്‍ക്ക് മാത്രമാകും സഹായം ലഭിക്കുക. സഹായധനം ലഭിക്കാന്‍ മറ്റൊരു ഉപജീവന മാര്‍ഗവും ലഭ്യമല്ലെന്ന സത്യവാങ്മൂലവും ദുരന്തബാധിതര്‍ നല്‍കണം. നേരത്തെ പ്രത്യക്ഷത്തിലും പരോക്ഷമായും ദുരന്തം ബാധിച്ച മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉപജീവന സഹായം നല്‍കിയിരുന്നു.
