പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി

മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് പുന്നപ്പുഴയിൽ അടിഞ്ഞ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പുഴയിൽ അടിഞ്ഞു കൂടിയ കല്ല്, മണൽ, മണ്ണ് എന്നിവ കോരി നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുക. കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം പ്രദേശത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി പുഴയുടെ ഗതി തിരിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻ‌തൂക്കം നൽകുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയിലേക്ക് ഒഴുകി 8 കിലോമീറ്ററോളം ഗതിമാറി സഞ്ചരിച്ചത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍ നിന്നും സംരക്ഷിക്കല്‍, വെള്ളപ്പൊക്കത്തില്‍ കരകള്‍ക്ക് മുകളിലൂടെയല്ലാതെ സുരക്ഷിതമായ കടന്നു പോകല്‍, നദീ തീരം സുസ്ഥിരമാക്കി വിന്യാസം മെച്ചപ്പെടുത്തല്‍ എന്നിവയാണ് ലക്ഷ്യമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *