ജില്ലയുടെ വികസന ആവശ്യങ്ങൾ ഉയർത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം പ്രക്ഷോഭം. ജില്ലാകമ്മിറ്റി നേതൃത്വത്തിൽ മെയ് 18 മുതൽ 27വരെ വയനാട് മാർച്ച് നടത്തും. ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള ജില്ലാ കാൽ നട ജാഥ എട്ട് ഏരിയകളിൽ പര്യടനം നടത്തും.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുൾപ്പെടെയുള്ള കേന്ദ്രത്തിന്റെ കൊടുംക്രൂരതയും അവഗണനയും തുറന്നുകാണിക്കും. ദുരന്ത പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പ്രത്യേക പാക്കേജുകൾ അംഗീകരിക്കുക, വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, രാത്രിയാത്രാ നിരോധം നീക്കാൻ കേന്ദ്ര, കർണാടക സർക്കാരുകൾ അനുകൂല നിലപാട് സ്വീകരിക്കുക, ബദൽപാതകൾക്ക് കേന്ദ്രാനുമതി നൽകുക, വയനാട് റെയിൽവേ പദ്ധതികൾ യാഥാർത്യമാക്കുക, കേരളത്തെ സാമ്പത്തീകമായി ഞെരുക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കും.
കേന്ദ്രം സാമ്പത്തീകമായി ഞെരുക്കുമ്പോഴും സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ടൗൺഷിപ്പിന് തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്രം നയാപൈസ അനുവദിക്കാത്തപ്പോഴും കേരളത്തിന്റെ തനത് പദ്ധതിയായാണ് ടൗൺഷിപ് ഒരുക്കുന്നത്. മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സൂപ്പർ സ്‌പെഷ്യാലിറ്ററികൾ സ്ഥാപിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവന്നും വിദ്യാലയങ്ങൾ ഹൈടെക്കാക്കിയും വിദ്യാഭ്യാസ മേഖലയ്‌ക്ക് കുതിപ്പ് പകർന്നു. റോഡുകൾ ആധുനിക നിലവാരത്തിലായി. വന്യമൃഗശല്യത്തിനെതിരെ സംസ്ഥാന സർക്കാരിന് ചെയ്യാവുന്നതെല്ലാം നടപ്പാക്കുകയാണ്. വനം, കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തരവാദിത്വമുള്ള കൺകറന്റ് ലിസ്‌റ്റിലായിട്ടും വന്യമൃഗ ശല്യപ്രതിരോധത്തിന് കേന്ദ്ര സഹായമില്ല. ജില്ലയെ ബാധിക്കുന്ന മുഴുവൻ വിഷയങ്ങളും ഉയർത്തിയുള്ള പ്രക്ഷോഭത്തിന്റെ ഒരുക്കളാരംഭിച്ചു.
ജില്ലാ മാർച്ച് വലിയ ബഹുജന മുന്നേറ്റമായി മാറും. തുടർപ്രക്ഷോഭങ്ങൾ നടത്തുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
