എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒൻപതിന്.

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് വാർത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്.എസ്.എല്‍.സി, റ്റി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാർച്ച്‌ മൂന്നിന് ആരംഭിച്ച്‌ മാർച്ച്‌ 26-നാണ് അവസാനിച്ചത്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികള്‍ റഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതി. അതില്‍ ആണ്‍കുട്ടികള്‍ 2,17,696, പെണ്‍കുട്ടികള്‍ 2,09,325. സർക്കാർ മേഖലയില്‍ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാർത്ഥികളും, അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ എട്ട് കുട്ടികളും പരീക്ഷ എഴുതിയിരുന്നു.

റ്റി.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ ആണ്‍കുട്ടികള്‍ 2,815, പെണ്‍കുട്ടികള്‍ 242. എ.എച്ച്‌.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആർട്ട് ഹയർ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം ചെറുതുരുത്തിയില്‍ അറുപത്തിയഞ്ച് വിദ്യാർത്ഥികള്‍ പരീക്ഷയെഴുതി. എസ്.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും. റ്റി.എച്ച്‌.എസ്.എല്‍.സി (ഹിയറിംഗ്‌ഇംപയേർഡ്) വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ 12 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്ബുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികള്‍ പൂർത്തീകരിച്ചു. മെയ് മാസം ഒമ്ബത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങള്‍ നടന്നുവരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *