കൽപ്പറ്റ: വയനാട്ടുകാരനായ ആദ്യത്തെ ഗ്രാമസേവകനും നിലവിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ പൊന്നുവേട്ടൻ എന്നറിയപ്പെടുന്ന മംഗലശ്ശേരി നാരായണന്
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രാമാദരം’ നൽകി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാടയണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.
സ്വന്തം കർമ്മവൈഭവം കൊണ്ട് നാട്ടുകാരുടെ പൊന്നുവേട്ടനായ നാരായണൻ പെൻഷനായി 26 വർഷം പിന്നിടുമ്പോഴും ഒരു ദിവസം പോലും ഒഴിവില്ലാത്ത പൊതുസേവനത്തിലാണ് ഇന്നും .
ഗ്രാമസേവകൻ മുതൽ ബ്ലോക്ഡവലപ്പ്മെൻ്റ് ഓഫീസർവരെ നീളുന്ന സർക്കാർ സർവ്വീസിൽ നിന്നുകൊണ്ട് പൊന്നു വേട്ടൻ കൈവെച്ച പദ്ധതികളെല്ലാം പൊന്നായി തീർന്നിട്ടുണ്ട്.
ജില്ലയിൽ ആദ്യമായി ജനവിഭാഗങ്ങളെ സാമ്പത്തികാടിസ്ഥാനത്തിൽ വിഭജിച്ച് നിർധനരെ കണ്ടെത്തി ജീവിതോൻമുഖ പദ്ധതികൾ നടപ്പിലാക്കുന്നതിൽ മുഖ്യ പങ്ക് പോന്നുവേട്ടൻ എന്ന ഈ ഗ്രാമസേവകനിലൂടെയായിരുന്നു.
വയനാട്ടിലെ ചെറുകരയെന്ന ഉൾനാടൻ കാർഷിക ഗ്രാമത്തിൽ ഒരു ദരിദ്ര കർഷകന്റെ രണ്ടാമത്തെ മകനായി ഇല്ലായ്മകൾക്ക് നടുവിലായിരുന്നു നാരായണന്റെ ജനനം. സ്വാതന്ത്ര്യത്തിനും ആറുവർഷം മുമ്പ്.1941ൽ, മൂത്തയാൾ മംഗലശ്ശേരി മാധവൻ മാസ്റ്റർ(ദേശീയ അധ്യാപക അവാർഡ് ജേതാവാണ്. രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇപ്പോഴും നിറസാന്നിധ്യമാണ്) സ്കൂൾ പഠനം എട്ടാം ക്ലാസിൽ അവസാനിപ്പിക്കേണ്ടിവന്നു നാരായണന് .കാരണം ആറു രൂപ വീതം പ്രതിമാസം ഫീസു കൊടുത്ത് രണ്ടു പേരെ പഠിപ്പിക്കാനുള്ള പാങ്ങില്ല എന്നതു തന്നെ. അക്കാലത്ത് വയനാട്ടിൽ രണ്ട് ഹൈസ്കൂളുകളേ ഉണ്ടായിരുന്നുള്ളൂ. കല്പറ്റ എസ്.കെ.എം. ജെയും, മാനന്തവാടി ഗവ.ഹൈസ്കൂളും മാത്രം. കിലോമീറ്ററുകൾ കാൽനടയായി നടന്നാണ് സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്.
സ്വന്തമായി കൃഷിഭൂമിയില്ലാത്തതു കൊണ്ട് ജന്മിമാരിൽ നിന്നും ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തും, പത്തുകിലോമീറ്ററിലേറെ അകലെയുള്ള തേറ്റമലയിലെ സായിപ്പിന്റെ തേയില തോട്ടത്തിൽ കൂലിവേല ചെയ്തുമാണ് പോന്നുവേട്ടന്റെ പിതാവ് കണാരൻ നായർ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ശ്രമിച്ചിരുന്നത്.
അച്ഛന് സഹായിയായി കാർഷികവൃത്തിയിൽ ഏർപെട്ടു. ആയിടക്കാണ്
വെള്ളമുണ്ടയിൽ ഹൈസ്ക്കൂൾഅനുവദി ക്കുന്നത്. തുടർന്ന് പല കാരണങ്ങളാലും തുടർപഠനം മുടങ്ങിയവർക്കൊപ്പം നാരായണനും ഹൈസ്കൂളിൽചേർന്നു.
പത്താംതരം പൂർത്തിയാക്കി
ആയിടക്ക് ഒരു സുഹൃത്തുവഴി ഗ്രാമസേവകനാവാനുള്ള സ്റ്റൈപെന്റോടുകൂടിയുള്ള അവസരമുണ്ടെന്ന വാർത്ത നാരായണനെത്തേടിയെത്തി. യോഗ്യതാപരീക്ഷയിൽ ശാരീരികക്ഷമത പ്രധാനമാണ്. നാലു കിലോമീറ്റർ ഓടുകയും ഒരു സെന്റ് ഭൂമി കിളക്കുകയും വേണം. പിതാവിനൊപ്പം കൃഷി യിടത്ത് കഠിനാദ്ധ്വാനം ചെയ്തതിന്റെ ഗുണഫലം അനുഗ്രഹവർഷമായി .
അനായാസം പ്രവേശന പരീക്ഷ എന്ന കടമ്പ കടന്നു . മൂന്നു വർഷത്തെ കാർഷിക ഡിപ്ലോമാ കോഴ്സ് ഒന്നാമനായി പാസായി. വൈകാതെ 1964 ൽ ജില്ലയിൽ നിന്നുള്ള ആദ്യത്തെ
ഗ്രാമസേവകനായി സർക്കാർ നിയമനം ലഭിച്ചു. തുടർന്നുള്ള ഓരോ പഞ്ചവത്സരപദ്ധതികളിലും ജനക്ഷേമകരമായ ധാരാളംപദ്ധതികൾ വിഭാവനം ചെയ്യപ്പെടുകയും അവ നടപ്പാക്കുന്നതിനായി അഹോരാത്രം പണിയെടുത്തു
മറ്റെല്ലാവകുപ്പുകളുടെയും നിർവഹണ ചുമതല ബ്ലോക്ക് ഡവലപ്പുമെന്റ് ഓഫീസുകൾക്കായിരുന്നു അക്കാലം.. ഓരോ ജില്ലയിലുമുള്ള ബ്ലോക്കോഫീസുകൾക്കു കീഴിൽ ഏഴോളം ഗ്രാമസേവകർ.
പ്രാഥമിക ആരോഗ്യം ,കൃഷി, മൃഗസംരക്ഷണം സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ മഹിളാ സമാജങ്ങൾ, വയോജനവിദ്യാഭ്യാസം, ആദിവാസിക്ഷേമം തുടങ്ങി നിരവധിയായ പദ്ധതികൾ . 79 രൂപയായിരുന്നു അന്നത്തെ ശമ്പളം.
1964 ൽ കാബേജ് പൂനെയിൽ നിന്ന് ആദ്യമായി കൊണ്ടുവന്ന് കൃഷി ചെയ്തതും ജില്ലയിലേക്ക് മൊത്തമായി 24 എണ്ണം പന്നിയൂർ കുരുമുളക് കൊണ്ടുവന്ന വിതരണം ചെയ്തതും, ശ്രീലങ്കയിൽ നിന്ന് ശീമക്കൊന്ന എത്തിച്ച് കൃഷി തുടങ്ങിയതും അതേ കാലത്ത് മാനന്തവാടി ഹൈസ്കൂളിൽ കാർഷിക മേള നടത്തിയതുംഎല്ലാം പൊന്നുവേട്ടൻ ഇന്നും ഓർക്കുന്നു.
ജില്ലയിൽ എത്തിയ 16 കലക്ടർമാരിൽ 12 പേരിൽ നിന്നും ഗുഡ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
1974-75 ൽ ഗ്രാമസേവകൻ എന്നത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി മാറി.
1996 ജൂണിൽ വെള്ളമുണ്ടക്കാരനായ മംഗലശ്ശേരി നാരായണൻസർവീസിൽ നിന്നും പടിയിറങ്ങയതും വിശ്രമജീവിതത്തിലേക്കായിരുന്നില്ല. പ്രൊജക്ടും പ്രവർത്തനങ്ങളുമായി വിശ്രമമില്ലാതെ ജനകീയാസൂത്രണ പരിപാടികളിൽ സജീവവും സക്രിയവുമായി.
നിലവിൽ ‘കില’യിലെ ഫാക്കൽറ്റി കൂടിയാണ് പൊന്നുവേട്ടൻ.
