ബത്തേരി: നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനു എം.പി. യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു ലഭ്യമാക്കിയ മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി എം.പി. നിര്‍വഹിച്ചു. മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിനായി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയാണ് വകയിരുത്തിയത്. മെഡിക്കൽ ഓഫിസർ ദാഹർ മുഹമ്മദ് താക്കോൽ ഏറ്റുവാങ്ങി. ഇതോടെ വീടുകളിലെത്തിയുള്ള ഫിസിയോതെറാപ്പി രോഗികൾ ഉൾപ്പെടെ യുള്ള രോഗികളുടെ പരിചരണം വേഗത്തിലാകും. അതോടൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിലെത്താൻ പ്രയാസപ്പെടുന്നവരുടെ വീടുകളിലേക്ക് നേരിട്ടെത്തുന്നതിനും ഈ വാഹനം ഉപയോഗപ്പെടുത്തും. വീല്‍ചെയറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉന്നതികളില്‍ ഉള്‍പ്പെടെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്കും വാഹനം ഉപകാരപ്രദമാകും.
ആശുപത്രിയിൽ ഫിസിയോതെറാപ്പി സെന്ററിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് രാഹുല്‍ഗാന്ധി വയനാട് എം.പി. ആയിരിക്കുമ്പോൾ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ റോബോട്ടിക് ഫിസിയോതെറാപ്പി ഉപകരണങ്ങൾക്കായി അനുവദിച്ചിരുന്നു. ഉപകാരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി എം.പി. നിര്‍വഹിച്ചു. എം.എൽ.എ. മാരായ ഐ. സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ, അസൈനാർ, ഓമന പങ്കലം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ മിനി സതീശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി കൈനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
