കല്‍പ്പറ്റ: കര്‍ണാടക മംഗളൂരൂവില്‍ പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആള്‍ക്കൂട്ടക്കൊലപാതകത്തിനും പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനുമെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നാളെ (മെയ് 8) പുല്‍പ്പള്ളിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. അഷറഫിന്റെ കുടുംബത്തിനുള്ള പൂര്‍ണ പിന്തുണയും മുസ്ലിം ലീഗ് ഉറപ്പാക്കും. നിസഹായനും നിരപരാധിയുമായ അഷറഫ് കൊലപാതകത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതായിരുന്നു. മതത്തിന്റെ പേരില്‍ നിസ്സഹായരെ കൊന്ന് തള്ളുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്ക് അറുതി വരുത്താന്‍ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണം. മാനസിക വിഭ്രാന്തിയുള്ള, ആരോടും സംസാരിക്കുക പോലും ചെയ്യാത്ത ഒരു സാധു ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയിട്ട് വ്യാജപ്രചാരണം നടത്തുകയാണ് കൊലപാതകികള്‍ ചെയ്തത്. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ യശസ്സിന് തന്നെ കളങ്കമാവുന്ന ഇത്തരം കൊലകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം.പഹല്‍ഗാമിന്റെ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ഭീകരാക്രമണം ഞെട്ടിക്കുന്നതാണ്. അത്രവലിയ സുരക്ഷാ വലയത്തില്‍ കഴിയുന്ന ഒരു സംസ്ഥാനത്ത് ഇത്ര വലിയൊരു സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാനാവില്ല. ആക്രമണത്തിനെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത വീഴ്ചയയായേ കാണാനാവൂ.എല്ലാതരം ആക്രമണങ്ങളെയും ആള്‍ക്കൂട്ടക്കൊലപാതകങ്ങളെയും മുസ്്‌ലിം ലീഗ് അങ്ങേയറ്റം അപലപിക്കുന്നതായും രാജ്യത്തിന്റെ സാഹോദര്യവും മതേതര മുഖവും നിലനിര്‍ത്താന്‍ മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്്‌ലിം ലീഗ് പ്രതിഷേധ സംഗമത്തില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ആള്‍ക്കൂട്ടക്കൊലപാതകത്തിനും ഭീകരാക്രമണത്തിനുമെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നാളെ പുല്‍പ്പള്ളിയില്‍
