കോഴിക്കോട്: ഹൃദയം നിറയെ പ്രാർത്ഥനകളുമായി വിശുദ്ധ ഹജ്ജിന്റെ പുണ്യംതേടി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുമായി കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനം നാളെ (10-05-2025) പുലർച്ചെ 1.10ന് പുറപ്പെടും. ഈ വിമാനത്തിലെ തീർഥാടകർ ഇന്ന് രാവിലെ 9 മണിക്ക് ഹജ്ജ് ക്യാമ്പിലെത്തും. വിമാനത്താവളത്തിലെ പില്ലർ അഞ്ചിലാണ് തീർഥാടകർ ആദ്യം എത്തേണ്ടത്.
എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേകമായി ഒരുക്കിയ കൗണ്ടറിൽ ലഗേജ് കൈമാറിയ ശേഷം ക്യാമ്പ് രജിസ്ട്രേഷന്റെ ഭാഗമായി തീർഥാടകരുടെ പേര്, കവർ നമ്പർ, യാത്രാ തിയതി, വിമാന നമ്പർ എന്നിവ രേഖപ്പെടുത്തിയ പ്രത്യേക കളറിലുള്ള ബാഡ്ജ് നൽകും.
ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക വാഹനത്തിൽ തീർഥാടകരെ ഹജ്ജ് ക്യാമ്പിലെത്തിക്കും. ആദ്യ സംഘത്തിന് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകും.
ആദ്യ വിമാനത്തിലെ യാത്രക്കാർ രാത്രി ഒൻപതു മണിയോടെ ഹജ്ജ് ക്യാമ്പിൽനിന്ന് വിമാനത്താവളത്തിലേക്ക് തിരിക്കും. പുലർച്ചെ 1.10ന് 77 പുരുഷന്മാരും 95 സ്ത്രീകളുമുൾപ്പടെ 172 തീർഥാടകരുമായി വിമാനം ജിദ്ദയിലേക്ക് പറക്കും. സൗദി സമയം പുലർച്ചെ 4.40-ന് ജിദ്ദയിലെത്തും.
രണ്ടാമത്തെ വിമാനം നാളെ വൈകുന്നേരം 4.30-ന് പുറപ്പെട്ട് സൗദി സമയം രാത്രി എട്ട് മണിക്ക് ജിദ്ദയിലെത്തും. 87 പുരുഷന്മാരും 86 സ്ത്രീകളുമാണ് ഇതിൽ യാത്രയാവുക. കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി ഏഴിന് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.
*ആദ്യദിവസം ലഗേജിനു നിയന്ത്രണം; 30 കിലോമാത്രം:
രാജ്യത്ത് വിമാന സർവീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആദ്യ ദിവസത്തിലെ വിമാനങ്ങളിലെ ഹജ്ജ് തീർഥാടകരുടെ ലഗേജുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നതായി എയർലൈൻസ് അധികൃതർ.
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച പുറപ്പെടുന്ന രണ്ടു വിമാനങ്ങളിലെയും ഹാജിമാർക്ക് 15 കിലോയുടെ രണ്ടു ബാഗ് വീതം പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കൂ.
ഹാൻഡ് ബാഗിൻ്റെ ഭാരം പരമാവധി ഏഴു കിലോയായിരിക്കും. അനുവദിച്ചതിൽ കൂടുതൽ ഭാരം ഒരു കാരണവശാലും അനുവദിക്കില്ല.
ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ മുഖേന അറിയിക്കുമെന്നും ഹജ്ജ് കമ്മിറ്റി അധികൃതർ.
