കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായി ഏറ്റെടുത്ത എൽസ്‌റ്റൺ എസ്‌റ്റേറ്റ് തൊഴിലാളികൾക്കുള്ള കുടിശ്ശികയും ആനുകൂല്യവും ലഭ്യമാക്കാനുള്ള തുടർ നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദേശം നൽകിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് സി പി ഐ എം ജില്ലാ കമ്മിറ്റി, മന്ത്രി ഓ ആർ കേളു മുൻ കൈയെടുത്ത് ചേർന്ന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രി കെ രാജൻ, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ ആർ കേളു എന്നിവരുടെ സംയുക്ത യോഗത്തിൻ്റെ തീരുമാന പ്രകാരമാണ് എ ജിക്ക് നിർദ്ദേശം നൽകിയത്.
5,97,53,793 കോടി രൂപ പലയിനങ്ങളിലായി മാനേജ്‌മെൻ്റ് തൊഴിലാളികൾക്ക് നൽകാനുണ്ടെന്നും ഇതിൻ്റെ റവന്യൂ റിക്കവറി നടക്കുകയാണെന്നും എജി നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉൾപ്പെടെയുള്ള വേതന കുടിശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും ഇത് കൂടെ വരുമ്പോൾ കോടികൾ വരുമെന്നും കോടതിയെ അറിയിച്ചിരുന്നു. കെട്ടിവയ്ക്കാൻ പറഞ്ഞ തുക രണ്ട് ഘട്ടങ്ങളിലായി സർക്കാർ കോടതിയിൽ കെട്ടിവച്ചു. എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്ന് സംബന്ധിച്ച നിർദ്ദേശം കോടതിയിൽ നിന്നുണ്ടായിട്ടില്ല. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം കോടതിയിൽ അടച്ച തുകയിൽ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് സർക്കാർ കോടതിയിൽ സത്യവാങ്‌മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണ് എജിക്ക് നൽകിയ നിർദ്ദേശം.
2015 മുതലുള്ള പി എഫ് കുടിശ്ശിക ഉൾപ്പെടെ കോടികളാണ് മാനേജ്‌മെന്റ്റ് തൊഴിലാളികൾക്ക് നൽകാനുള്ളത്. തൊഴിലാളികൾക്ക് ലഭിക്കാനുള്ള കുടിശ്ശികയും ആനുകൂല്യങ്ങളും സംബന്ധിച്ച് സി പി ഐ എം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ
ശ്രദ്ധയിൽപ്പെടുത്തുകയും വിഷയം പരിഹരിക്കുന്നതിനായി സർക്കാർ
ഇടപെടണമെന്ന് അഭ്യർത്ഥിച്ച് വിശദമായ നിവേദനം നൽകുകയും ചെയ്‌തിരുന്നു. അടിയന്തിര ഇടപെടൽ നടത്താൻ മന്ത്രി ഒ ആർ കേളുവിനോടും സി പി ഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് തൊഴിലാളി സംഘനകളുടെ യോഗം വിളിച്ച് ചേർത്ത് മന്ത്രി ഒ ആർ കേളു കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മന്ത്രി തല യോഗം ചേരുകയും തൊഴിലാളികളുടെ കുടിശ്ശികയും ആനുകൂല്യവും ലഭ്യമാക്കാനുള്ള കോടതിയിലെ തുടർ നടപടികൾ വേഗത്തിലാക്കാൻ എ ജി യെ ചുമതലപ്പെടുത്തുകയും ചെയ്‌തിരിക്കുകയാണ്. സർക്കാരിൻ്റെ തൊഴിലാളി പക്ഷ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. സർക്കാരിനേയും മുൻകൈയെടുത്ത മന്ത്രി ഒ ആർ കേളുവിനേയും സി പി ഐ എം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു.
