പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, ജൂൺ മൂന്ന് മുതൽ പ്രവേശനം, വിശദാംശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്
വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

ഇതനുസരിച്ച് ജൂൺ 3 ന് രാവിലെ 10 മണി മുതൽ ജൂൺ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്.

രണ്ടാമത്തെ അലോട്ട്മെന്റ്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച നാല് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് (4,62,768) അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് മെയ് 24നാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ
പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം അപേക്ഷകർക്ക് മെയ് 28 ന് വൈകീട്ട് 5 മണി വരെയാണ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.

സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ മൂന്നു ലക്ഷത്തി പതിനാറായിരം (3,16,000) സീറ്റുകളിലേയ്ക്കാണ് അലോട്ട്മെന്റ് നടത്തപ്പെടുന്നത്. എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ ആകെ നാല് ലക്ഷത്തി നാൽപത്തി രണ്ടായിരത്തി പന്ത്രണ്ട് (4,42,012)ഹയർസെക്കണ്ടറി സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *