തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ നീതി കാണിക്കണം: ടി. സിദ്ദിഖ് എം.എൽ.എ.

കൽപറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻ ഫണ്ട് ഓരോ ബജറ്റിലും എൽ.ഡി.എഫ്. സർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സ്തംഭനാവസ്ഥയിലാക്കുകയും വികസന പ്രവർത്തനങ്ങൾ മുരടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഈ മാർച്ചിൽ അനുവദിച്ച ഫണ്ടിലും ഭീമമായ വെട്ടിക്കുറയ്ക്കൽ നടന്നിട്ടുണ്ടെന്നും, അനുവദിക്കുന്ന ഫണ്ടുകൾ പോലും ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന ആശയത്തെത്തന്നെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വർധിച്ചുവരുന്ന മയക്കുമരുന്ന്-രാസലഹരി വ്യാപനം, ലഹരി ഉപയോഗിച്ചുകൊണ്ടുള്ള അതിക്രമങ്ങൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ടി. സിദ്ദിഖ് എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപറ്റ അധ്യക്ഷനായിരുന്നു. പി.പി. ആലി, ടി.ജെ. ഐസക്ക്, ബിനു തോമസ്, ബി. സുരേഷ് ബാബു, സി. ജയപ്രസാദ്, പി. വിനോദ് കുമാർ, കെ.കെ. രാജേന്ദ്രൻ, കെ. രാംകുമാർ, ഹർഷൽ കോന്നാടൻ, എസ്. മണി, ബിന്ദു ജോസ്, പി.ആർ. ബിന്ദു, കെ.എം. സുധാ ദേവി, പി. രാജാറാണി, സുബൈർ ഓണിവയൽ, ഒ.പി. മുഹമ്മദ് കുട്ടി, കരിയാടൻ ആലി, ഡിൻഡോ ജോസ്, മുഹമ്മദ് ഫെബിൻ, സുനീർ ഇത്തികൽ, കെ. വാസു തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *