വെണ്ണിയോട്: ഊട്ടുപാറ ചെന്നലോട് റോഡ് കോട്ടത്തറ ഹോമിയോ ഡിസ്പൻസറിക്ക് സമീപം പുഴയോരം ഇടിഞ്ഞത് മൂലം പ്രദേശം ആശങ്കയിലായിട്ട് ഒരു വർഷം പിന്നിട്ടു. കഴിഞ്ഞ കാലവർഷാരംഭത്തിലാണ് റോഡ് ഇടിഞ്ഞത്. ഇത് മൂലം വെണ്ണിയോട് വലിയപുഴ ഗതി മാറി ഒഴുകാനും പ്രദേശത്ത് വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മൂലം ഹോമിയോ ഡിസ്പൻസറി, ജലനിധിയുടെ പമ്പ് സെറ്റ്, കോട്ടത്തറ ഹയർ സെക്കണ്ടറി സ്കൂളിലെക്കുള്ള റോഡ്, നിരവധി വീടുകൾ തുടങ്ങിയവ അപകട ഭീഷണിയിലാണ്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിൻ്റെ ആസ്ഥാനമായ വെണ്ണിയോട് ടൗണുമായ് നിരവധി ഗ്രാമങ്ങളെയും പട്ടണങ്ങളേയും ബന്ധിപ്പിക്കുന്ന റോഡാണിത്.പത്തോളം സ്കൂൾ ബസ്സുകൾ ഇതിലെയാണ് കടന്നുപോകുന്നത്. അപകടം പതിയിരിക്കുന്ന വളവുള്ള ഭാഗത്താണ് ഇടിച്ചൽ ഉണ്ടായിട്ടുള്ളത്. അപകട സാധ്യത കൂടുതലുള്ള പ്രദേശം കൂടിയാണിത്. പുഴ ഭിത്തികെട്ടാൻ നാഷ്ണൽ ഹൈവേ അതോറിറ്റി ഫണ്ട് വകയിരുത്തുകയും ടെണ്ടർ ആവുകയും ചെയ്തതാണ്. ആവശ്യമായ മെറ്റിരിയലുകൾ കരാറുകാർ ഇറക്കിയിരുന്നു. അർദ്ധരാത്രി നാട്ടുകാർ അറിയാതെ അവയെല്ലാം ബന്ധപ്പെട്ടവർ കടത്തി കൊണ്ടുപോവുയാണ് ചെയ്തത്.പ്രദേശത്തുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായതും യാത്രാ പ്രശ്നം അതിരൂക്ഷമാകുന്നതുമായ ഈ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് വെണ്ണിയോട് പൗരസമിതി ആവശ്യപ്പെട്ടു. ഇക്കാര്യം അധികൃതരുമായി സംസാരിക്കാനും തുടർന്ന് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യോഗം തീരുമനിച്ചു. പൗരസമിതി ചെയർമാൻ ഷാജു കുഴിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വി.എൻ ഉണ്ണികൃഷ്ണൻ, ഗഫൂർ വെണ്ണിയോട്, സി.കെ ഇബ്രാഹിം, ഇ.സൂപ്പിക്കുട്ടി, കെ.പി ഷിജു, ടി. മമ്മൂട്ടി, മനു മൻസൂർ, എം. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
റോഡ് ഇടിഞ്ഞു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
