മാനന്തവാടി : നഗരത്തിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 പേരെയാണ് തെരുവ് നായ കടിച്ചു കീറിയത്. അലഞ്ഞു തിരിയുന്ന തെരുവ് നായകളെ ടൗണിൽ നിന്ന് ഒഴിവാക്കാൻ അടിയന്തര നടപടികൾ ഉണ്ടാവേണ്ടതുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും കാൽനടയായി യാത്രചെയ്യുന്ന സ്ഥലങ്ങളിലാണ് ശല്യം ഏറെ കൂടുതലും. ഈ വിഷയത്തിൽ ഏറെ ഗൗരവത്തോടെയുള്ള സമീപനം ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം. അലഞ്ഞു തിരിയുന്ന പട്ടികളെ സംരക്ഷിക്കണമെന്ന് പറയുന്നവർ അവയെ എവിടെയെങ്കിലും കൊണ്ടുപോയി സംരക്ഷിക്കേണ്ടതാണ്. നാടിനും നാട്ടുകാർക്കും സ്വൈര്യവും സമാധാനവും ആയ ജീവിത സാഹചര്യം ഉണ്ടാക്കുന്നതിന് വേണ്ടി അധികാരികളുടെ അടിയന്തര ഇടപെടലുകൾ പ്രതീക്ഷിക്കുകയാണ്. പ്രസിഡന്റ് കെ ഉസ്മാൻ, ജനറൽ സെക്രട്ടറി പി വി മഹേഷ്, ട്രഷറർ എൻ പി ഷിബി എന്നിവർ സർക്കാരിനും മുനിസിപ്പാലിറ്റിക്കും ഇത് സംബന്ധിച്ച് പരാതികൾ നൽകി.
തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം; മർച്ചൻ്റ്സ് അസോസിയേഷൻ
