മാനന്തവാടി : യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ. വാളാട്, കരിമ്പിൽ, വെള്ളമുണ്ട റൂട്ടിൽ സർവീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയുടെ ആർ എ എ 150 നമ്പർ ബസ് യാത്രക്കിടെയാണ് വെൺമണി സ്വദേശി ചെറുമനാൽ മനോജിന് 43 ന് വെച്ച് വിറയൽ അനുഭവപ്പെട്ടത്. തലപ്പുഴയിൽ വച്ച് നെഞ്ചുവേദനയും വിറയിലും ശക്തമാവുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാർ കണ്ടക്ടർ ബൈജുവിനെ വിവരമറിയിക്കുകയും ഡ്രൈവറുടെ ശ്രദ്ധയിൽ പ്പെടുത്തുകയും യാത്രക്കാരുമായി ബസ് നേരെ വയനാട് മെഡിക്കൽ കോളജിലേക്ക് പെട്ടെന്ന് തന്നെ എത്തിക്കുകയുമായിരുന്നു. വെൺമണിയിൽ വർക്ക്ഷോപ് ജീവനക്കാരാനായ മനോജ് ആർ ടി ഒ ഓഫീസിൽ പോകുന്നതിനായാണ് 11.25 ന് വാളാട് നിന്നും വരുന്ന ബസിൽ കയറിയത്. രക്തസമ്മദ്ദം കൂടിയതിനാലാണ് മനോജിന് ശക്തമായ വിറയൽ ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 16 വർഷത്തെ സർവീസിനിടയിൽ ഇത് ആദ്യത്തെ സംഭവമാണെന്ന് ഡ്രൈവർ വെള്ളമുണ്ട സ്വദേശി ഷറഫുദ്ദീൻ പറഞ്ഞു. ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപ്പെടൽ മാതൃകാപരമായി.
