കൽപ്പറ്റ : ജില്ലയിൽ നിരക്ഷരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാനുള്ള മാതൃകാ പദ്ധതിയുമായി സാക്ഷരതാ മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മുട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളെജിന്റെ സഹകരണത്തോടെയാണ് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നാഷണൽ സർവ്വീസ് സ്‌കീമിൽ ഉൾപ്പെട്ട 100 വളണ്ടിയർമാർ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. മുട്ടിൽ കോളെജിൽ പഠിക്കുന്ന 1300 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് കോളെജ് പ്രിൻസിപ്പാൾ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർമാർ, ലിറ്ററസി ക്ലബ്ബ് കോ-ഓർഡിനേറ്റർ നേതൃത്വം നൽകും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ ജോസഫ് ജോൺ ക്ലാസെടുത്തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർമാരായ ഡോ. എം ഷിബിന, ഡോ.മുഹമ്മദ് സയീദ്, ലിറ്ററസി ക്ലബ്ബ് കോ-ഓർഡിനേറ്റർ പി.റുബീന, ഐ.ക്യൂ.എ.സി കോ-ഓർഡിനേറ്റർ ഡോ.നജ്മുദ്ദീൻ കോളെജ് പ്രിൻസിപ്പാൾ ഡോ. വിജി പോൾ, സാക്ഷരതാ മിഷൻ ഓഫീസ് സ്റ്റാഫ് പി.വി.ജാഫർ എന്നിവർ സംസാരിച്ചു.
