മാനന്തവാടി താലൂക്കിലെ വിദ്യാവാഹിനി പദ്ധതി കാര്യക്ഷമമാക്കണം: എസ്‌ഡിപിഐ

മാനന്തവാടി:ആദിവാസി വിദ്യാർത്ഥികളെ താമസ സ്ഥലത്ത് നിന്ന് സ്കൂളിലെത്തിക്കുന്ന പദ്ധതിയായ വിദ്യാവാഹിനി പദ്ധതി മാനന്തവാടി താലൂക്കിൽ കാര്യക്ഷമമായി അല്ല പ്രവർത്തിക്കുന്നെതെന്നും അടിയന്തരമായി പദ്ധതി കുറ്റമറ്റതാക്കാനുള്ള നടപടികൾ പട്ടിക വർഗ വകുപ്പ് കൈ കൊള്ളണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

സ്കൂൾ തുറന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ആദിവാസി വിദ്യാർത്ഥികളിൽ നിന്ന് വലിയ ഒരു വിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിട്ടില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി, കാട്ടിക്കുളം, തൃശ്ശിലേരി തുടങ്ങിയ ഹൈ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞിരിക്കുകയാണ്.
വന്യ മൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളായത് കൊണ്ട് ഉന്നതിയിലെ കുട്ടികളുടെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് രക്ഷിതാക്കൾ അവരെ സ്കൂളിലേക്ക് പറഞ്ഞു വിടാൻ മടിക്കുകയാണ്.
ഇവ അധികൃതർക്ക് അറിവുള്ള കാര്യങ്ങളാണെ ങ്കിലും വിദ്യാവാഹിനി പദ്ധതി തുടങ്ങാനാവശ്യമായ നടപടികൾ മുൻകൂറായി ഒരുക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുകയാണ്. പദ്ധതി തുടങ്ങാത്തതിനാൽ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

അത് പോലെ വലിയൊരു വിഭാഗം ഗോത്ര വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്താത്തതിനാൽ തന്നെ ആറാം പ്രവർത്തി ദിനത്തിൽ തലയെണ്ണുമ്പോൾ
സ്കൂളുകളിലെ ഡിവിഷനുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും.
അത് കൊണ്ട് തന്നെ വകുപ്പ് മന്ത്രി ഒ.ആർ കേളുവും മറ്റു അധികൃതരും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കക്ക് പരിഹാരം ഉണ്ടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി.എ.കെ, സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ കെ.എസ്‌, ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ, ട്രഷറർ ഷുഹൈബ് ടി. കെ,കമ്മിറ്റിയംഗം സാദിഖ് വി,വിവിധ പഞ്ചായത്ത് ഭാരവാഹികൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *