മേപ്പാടി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി മൂപ്പൻസ് നഴ്‌സിങ് കോളേജിൽ വനവൽക്കരണം, പ്ലാസ്റ്റിക് നിർമാർജനം എന്നീ പരിപാടികളും ബോധവൽക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. കോളേജിലെ നാഷണൽ സർവീസ് സ്‌കീം, സ്റ്റുഡൻസ് നഴ്‌സസ് അസോസിയേഷൻ, ഒയിസ്‌ക ഇന്റർനാഷണൽ കൽപറ്റ ചാപ്റ്റർ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ലൗലി അഗസ്റ്റിൻ ഡപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ (റിട്ട) മുഖ്യപ്രഭാഷണം നടത്തി.310 വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലീഡ ആന്റണി സ്വാഗതം പറഞ്ഞു. ഒയിസ്‌ക ചാപ്റ്റർ പ്രസിഡന്റ് ഡോ. എ.ടി സുരേഷ്, സെക്രട്ടറി എൽദോ ഫിലിപ്പ്, സ്റ്റുഡൻസ് നഴ്‌സസ് അസോസിയേഷൻ കോഡിനേറ്റർ ഹാജറ ബീഗം,വിനീത കെ എന്നിവർ സംസാരിച്ചു.
