പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തേതുമായ അലോട്മെന്റ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും.
അലോട്മെന്റ് ലഭിക്കുന്നവർക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്കൂളില്‍ ചേരാം. ബുധനാഴ്ച ക്ലാസ് തുടങ്ങും. ആദ്യദിവസം 3.20 ലക്ഷം കുട്ടികള്‍ എത്തുമെന്നാണു പ്രതീക്ഷ.
ഞായറാഴ്ചത്തെ അലോട്മെന്റോടെ പ്രവേശനത്തിനുള്ള മുഖ്യഘട്ടം പൂർത്തിയാകും. ഇതിനാല്‍ അലോട്മെന്റ് ലഭിക്കുന്നവരും മുൻ അലോട്മെന്റുകളില്‍ താഴ്ന്ന ഓപ്ഷൻ കിട്ടിയതിനാല്‍ താത്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. ഇത്തവണ 4,63,686 അപേക്ഷകളാണു ലഭിച്ചത്. മെറിറ്റ്, മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി ഇവരില്‍ 2,36,934 പേർ സ്കൂളില്‍ ചേർന്നിട്ടുണ്ട് (മെറിറ്റ്- 2,24,980, കമ്യൂണിറ്റി- 8,971, മാനേജ്്മെന്റ്- 1,462, അണ്‍എയ്ഡഡ്- 1,521). സ്പോർട്സ് ക്വാട്ടയില്‍ 4,631 പേർ ചേർന്നു. ആദ്യരണ്ട് അലോട്മെന്റുകളില്‍ ഉള്‍പ്പെട്ടവരില്‍ 44,371 പേർ നിശ്ചിതസമയത്ത് പ്രവേശനം നേടിയിട്ടില്ല. ഇവരെ മൂന്നാം അലോട്മെന്റില്‍ പരിഗണിക്കില്ല.
1,77,750 കുട്ടികളാണ് മൂന്നാം അലോട്മെന്റ് പ്രതീക്ഷിക്കുന്നത്. 93,594 സീറ്റുകളാണ് മൂന്നാം അലോട്മെന്റിന് മെറിറ്റിലുള്ളത്. മറ്റുവിഭാഗങ്ങളിലായി 1,07,214 സീറ്റുകള്‍കൂടി മിച്ചമുണ്ട് (മാനേജ്മെന്റ്- 37,489, കമ്യൂണിറ്റി- 16,361, അണ്‍എയ്ഡഡ്- 53,364). അപേക്ഷകരില്‍ 45,861 പേർ ഒന്നിലധികം ജില്ലകളില്‍ അപേക്ഷിച്ചവരാണ്. 18,902 പേർ വിഎച്ച്എസ്ഇയില് ചേർന്നു. ഐടിഐ, പോളിടെക്നിക് കോഴ്സുകളില്‍ ചേരുന്നവരുമുണ്ട്. ഇതിനാല്‍ പ്രവേശനനടപടി പൂർത്തിയാകുമ്ബോള്‍ 70,000-ല്‍ അധികം സീറ്റുകള്‍ മിച്ചമായേക്കും.
