ദുരന്ത ബാധിതരുടെ പ്രതിഷേധത്തിന്റെ പേരിൽ കള്ളക്കേസെടുക്കുന്ന നടപടി പ്രതിഷേധാർഹവും ക്രൂരവും: ഐഎൻടിയൂസി

കൽപ്പറ്റ: നീതി നിഷേധിക്കപ്പെട്ട മുണ്ടക്കൈ ദുരന്ത ബാധിതരുടെ പ്രതിഷേധത്തിന്റെ പേരിൽ കള്ളക്കേസെടുക്കുന്ന നടപടി പ്രതിഷേധാർഹവും ക്രൂരവും ആണെന്നും പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗൺഷിപ്പിന് ഏറ്റെടുത്ത എലസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ നടപടി വേണമെന്നും ഐഎൻടിയുസി വയനാട് ജില്ലാ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.മുണ്ടക്കൈ ദുരന്തം സംഭവിച്ചിട്ട് ഒരു വർഷം ആകാറായിട്ടും പുനരധിവാസം പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും നീട്ടി നീട്ടിക്കൊണ്ടുപോയി അവസാനം ടൗൺഷിപ്പിന് തറക്കല്ലിട്ട എലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ അവ്യക്തത തുടരുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സാങ്കേതികത്വവും നൂലാമാലകളും അവ്യക്തതകളും അവസാനിപ്പിച്ച് ദുരന്തബാധിതർക്ക് നീതി നൽകാൻ അടിയന്തര നടപടി വേണമെന്നും ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെട്ട എലസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് നീതി ലഭ്യമാക്കണമെന്നും തകർച്ച നേരിടുന്ന തൊഴിലുറപ്പ്,ലോഡിങ് മോട്ടോർ, തോട്ടം, നിർമ്മാണ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടി വേണമെന്നും ആശ വർക്കർ,അംഗൻവാടി തുടങ്ങി മറ്റ് അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ജോലിഭാരം ക്രമീകരിച്ച്,വേതനം ഉയർത്തി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബഹുജനങ്ങളെ അണിനിരത്തി ജൂലൈ 22 ന് കളക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു അധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ,മായാ പ്രദീപ്, ടി ഉഷാകുമാരി, എൻ കെ ജ്യോതിഷ് കുമാർ, മോഹൻദാസ് കോട്ടക്കൊല്ലി,കെ ടി നിസാം, താരിഖ് കടവൻ,കെ കെ രാജേന്ദ്രൻ, പി എൻ ശിവൻ,സി എ ഗോപി, കെ അജിത,ജിനി തോമസ്, മണി പാമ്പനാൽ,ഒ ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, സി എ അരുൺ ദേവ്, ഹർഷൻ കോന്നാടൻ, ആർ ഉണ്ണികൃഷ്ണൻ, രാധാ രാമസ്വാമി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *