മുസ്ലിംലീഗിൻ്റെ പൂനരധിവാസ ഭവന പദ്ധതിക്കെതിരെ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നു: മുസ്ലിം ലീഗ്.

കൽപ്പറ്റ : മുസ്ലിംലീഗിൻ്റെ പൂനരധിവാസ ഭവന പദ്ധതിക്കെതിരെ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നുവെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി. ഏത് തരത്തിൽ നീക്കം നടന്നാലും മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ലീഗ് നേതാക്കൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൃക്കൈപ്പറ്റ വെള്ളിത്തോട് എന്ന സ്ഥലത്ത് പലരിൽ നിന്നായി പതിനൊന്നര ഏക്കർ ഭൂമിയാണ് മുസ്ലിം ലീഗ് ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കായി വിലയ്ക്ക് വാങ്ങിയത്. ഏപ്രിൽ 29 -ന് ഭവന പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. 105 വീടുകളാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനിടെയാണ് ഭവന പദ്ധതി നടപ്പിലാക്കുന്ന സ്ഥലം തോട്ടഭൂമിയാണെന്നും ഹിയറിങ്ങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ ഭൂവുടമകൾക്ക് നോട്ടീസ് ലഭിച്ചതായും കഴിഞ്ഞദിവസം വാർത്ത പുറത്തുവന്നത്. ഇതിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ വാർത്താ സമ്മേളനത്തിലാണ് തങ്ങളുടെ പദ്ധതിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ആരോപണം ഉന്നയിച്ചത്.

ഒരുവിധ നിയമപ്രശ്നങ്ങളും ഇല്ലാത്ത ഭൂമിയെ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച ഭവന പദ്ധതി നീട്ടിക്കൊണ്ട് പോകാനുള്ള ഗൂഢശ്രമങ്ങളെ ലീഗ് രാഷ്ട്രീയമായി നേരിടുമെന്ന് ഭാരവാഹികൾ പറഞ്ഞു. ലീഗുടേ സന്നദ്ധ സംഘടനകൾ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ഭവന പദ്ധതികൾക്കായുള്ള ഭൂമിക്ക് ഏതെങ്കിലും തടസ്സമുണ്ടെങ്കിൽ അത് പരിഹരിച്ചു നൽകേണ്ട സർക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കി ദുരന്തബാധിതരോട് പ്രതികാരം ചെയ്യുകയാണെന്നും ഇവർ ആരോപിച്ചു മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി .മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ റസാഖ് കൽപ്പറ്റ, യഹ്യാ ഖാൻ ,സെക്രട്ടറി കെ. ഹാരിസ് , മണ്ഡലം പ്രസിഡണ്ട് ടി .ഹംസ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *