ഓർമയുടെ ഒരാണ്ട്; ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണവും

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഓർമ്മകൾക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണവും നടത്താൻ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ പട്ടിക ജാതി- പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 ന് പുത്തുമല പഞ്ചായത്ത് ശ്മശാനത്തിലാണ് പുഷ്പാർച്ചനയും തുടർന്ന് സർവമത പ്രാർത്ഥനയും നടക്കുക. പുത്തുമല മദ്രസ്സ അങ്കണത്തിൽ ഒരുക്കുന്ന അനുസ്മരണ യോഗ വേദിയിലേക്ക് മൗന ജാഥ നടത്തും. മന്ത്രിമാർ, എംപി, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം. കെ. ദേവകി, ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർയോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *