പുൽപള്ളി: മൂന്നു വർഷമായി ഭൂസമരം നടക്കുന്ന മരിയനാട്ട് ഭൂമി അളന്നുതിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. വനം വികസന കോർപറേഷൻ ഉടമസ്ഥതയിലുള്ള 238 ഹെക്ടർ സ്ഥലം ഭൂരഹിതരായ ഗോത്ര വിഭാഗങ്ങൾക്ക് പതിച്ചു നൽകാൻ നീക്കിവച്ചിട്ടുള്ളതാണ്. 1995 ൽ ഭൂമി നൽകണമെന്ന് സുപ്രിം കോടതി വിധിയുമുണ്ടായി. വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിൽ 400 ൽ പരം കുടുംബങ്ങൾ തോട്ടത്തിൽ കുടിൽ കെട്ടി കഴിയുന്നുണ്ട്. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 15 കുടുംബങ്ങൾക്ക് മരിയനാട്ട് ഭൂമി അളന്നു നൽകാനാണ് റവന്യു സംഘമെത്തിയത്. എന്നാൽ ഉദ്യോഗസ്ഥ സംഘത്തെ സമരക്കാർ തടഞ്ഞു. വർഷങ്ങളായി കുടിൽ കെട്ടി സമരം നടത്തുന്നവർക്ക് ആദ്യം ഭുമി നൽകണമെന്നായിരുന്നു സമരക്കാരുടെ നിലപാട്. രണ്ടാഴ്ച മുൻപും സർവേ സം ഘത്തെ മടക്കി വിട്ടിരുന്നു. തുടർന്ന് കലക്ടറേറ്റിൽ യോഗം വിളിച്ചിരുന്നു. ഗോത്ര സംഘടനകൾ അന്നും എതിർപ്പ് വ്യക്തമാക്കിയിരുന്നു. കോടതി വിധി നടപ്പാക്കുന്നതിനാണ് റവന്യു സംഘം വീണ്ടുമെത്തിയത്. പൊലിസ് കാവലിലെത്തിയ ഉദ്യോഗസ്ഥർ പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയായിരുന്നു. തോട്ടത്തിലെ മുഴുവൻ സ്ഥലവും അളന്ന ശേഷം അർഹത നോക്കി തിരിച്ചു കൊടുക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കുടിൽ കെട്ടി ജീവിക്കുന്നവർക്ക് ഓരോ ഏക്കർ സ്ഥലം വീതം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഭൂമിപ്രശ്ന പരിഹാരത്തിന് 12 ന് മന്ത്രിതല യോഗം ചേരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സമരസമിതി ഭാരവാഹികളായ ബി.വി. ബോളൻ, എ. ചന്തുണ്ണി, ബീന ശ്രീകുമാർ , ചിത്ര മരിയനാട് എന്നിവർ സമരത്തിനു നേതൃത്വം നൽകി.
