കോറോം:തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി ധാർമികത മാനിച്ചു ഉടൻ തൽസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി സി.കെ അബു.
തൊഴിലാളികളുടെ മസ്റ്ററിംഗില്ലാതെ ഉയർന്ന തുക രേഖപ്പെടുത്തിയും മെറ്റീരിയൽ വർക്കുകളുടെ പേരിലും വ്യാപകമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയവ വിതരണം ചെയ്തതിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ഒരു വീടിൻ്റെ മുഴുവൻ പണിയും പൂർത്തിയാക്കാൻ നാലു ലക്ഷം രൂപ മാത്രം അനുവദിക്കുന്ന സംസ്ഥാനത്ത് ആട്, കോഴി കൂടുകൾക്ക്
1,60,000 രൂപ വരെ വില രേഖപ്പെടുത്തി കരാറുകാർക്ക് പണം നൽകിയത് വ്യക്തമായ അഴിമതിയുടെ തെളിവും മറ്റു സർക്കാർ പദ്ധതികളെ പരിഹസിക്കലുമാണ്.
ഈ ഗുരുതരമായ അഴിമതിയിൽ ഉന്നതതലത്തിലുള്ള ഇടപെടലുകളും ഒത്താശയും നടന്നിട്ടുണ്ടെന്നതിൽ സംശയമില്ല.
തൊഴിലാളികളുടെ മസ്റ്ററിംഗില്ലാതെ ഉയർന്ന തുക കൈകാര്യം ചെയ്തപ്പോൾ പോലും അത് പരിശോധിക്കാൻ പ്രസിഡന്റോ ഭരണസമിതിയോ തയ്യാറായില്ല. മാത്രമല്ല, സെക്രട്ടറി ഇല്ലാതിരുന്ന സമയങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് പണം പിൻവലിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആ അനുമതി വിശ്വാസത്തിന്റെ പേരിൽ സംഭവിച്ചതാണെന്നുമുള്ള വിശദീകരണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നികുതിദായകരുടെ പണം ഇത്തരത്തിൽ ധൂർത്തടിക്കാനും തട്ടിപ്പിന് കളമൊരുക്കാനും കൂട്ടുനിന്നവർക്ക് ഭരണത്തിൽ തുടരാൻ ഇനി യാതൊരു അവകാശവുമില്ല. അത്കൊണ്ട് തന്നെ ഈ കോടികളുടെ തട്ടിപ്പിൻ്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെച്ച് ഒഴിയണം. അത് പോലെ ക്രമക്കേട് നടത്തിയവരിൽ നിന്ന് തുക തിരിച്ചു പിടിക്കുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
